'മരുന്നടിച്ച്' പത്താന്‍ പിടിയില്‍, ആ കരിയര്‍ അവസാനിക്കുന്നു?

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. സമീപകാലത്ത് നടന്ന ഉത്തേജക പരിശോധനയില്‍ യൂസഫ് പത്താന്റെ ശരീരത്തില്‍ നിന്നും നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബറോഡ ടീമിലേക്ക് പത്താനെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

അതെസമയം യൂസഫ് പത്താന്റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെര്‍ബ്യൂട്ടലൈന്‍ എന്ന നിരോധിത വസ്തു അടങ്ങിയ ബ്രോസീത്ത് എന്ന മരുന്ന് കഴിച്ചതാണ് യൂസഫിന് വിനയായത്. മുന്‍ കൂട്ടി അനുമതി വാങ്ങാതെ ടെര്‍ബ്യൂട്ടലൈന്‍ അടങ്ങിയ മരുന്ന് കഴിക്കാന്‍ കളിക്കാര്‍ക്ക് അനുമതിയില്ല. ഇത് ശ്രദ്ധിക്കാതെ മരുന്ന് കഴിച്ചതാണ് പത്താന് വിനയായതത്രെ.

നേരത്തെ രഞ്ജിയിലെ ഈ സീസണില്‍ തകര്‍പ്പന്‍ തുടക്കമാണ് യൂസഫ് പത്താന്‍ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഇരുഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടിയ താരം എന്നാല്‍ രണ്ടാം മത്സരത്തില്‍ ഒരു റണ്‍സ് മാത്രമാണ് കണ്ടെത്തിയത്.

ഇതിന് പിന്നാലെ താരം ബറോഡ ടീമില്‍ നിന്നും പുറത്തായിരുന്നു. മുഷ്താഖ് അലി ട്രോഫിയിലും പത്താന്‍ ബറോഡ ടീമില്‍ ഇടംപിടിച്ചിരുന്നില്ല. പത്താനെ ടീമിലെടുക്കരുതെന്ന് ബിസിസിഐയുടെ കര്‍ശന നിര്‍ദേശമാണ് യൂസഫിനെ ഒഴിവാക്കാന്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷനെ പ്രേരിപ്പിച്ചത്.

ഉത്തേജക പരിശോധനയില്‍ പരാജയപ്പെടുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമാണ് യൂസഫ് പത്ത്. 2012 ഐപിഎല്ലിനിടെ ഡല്‍ഹി ബൗളര്‍ പ്രദീപ് സംഗവാനും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് 18 മത്സത്തെ വിലക്കാണ് താരത്തിന് നേരിടേണ്ടിവന്നത്.

ഇന്ത്യയ്ക്കായി 57 ഏകദിനവും 22 ടി20യും കളിച്ചിട്ടുളള താരമാണ് യൂസഫ് പത്താന്‍. 2012ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവസാനമായി ടീം ഇന്ത്യയുടെ ജഴ്‌സി പത്താന്‍ അണിഞ്ഞത്.