'ബുംറ, ഷമി, ഉമേഷ് യാദവ്, സിറാജ് എന്നിവര്‍ ഇഷാന്തിനേക്കാള്‍ മിടുക്കന്മാരാണ്'; എന്നിട്ടും 300 വിക്കറ്റ്, നെഹ്‌റ പറയുന്നു

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ 300 വിക്കറ്റുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയെ പ്രശംസിച്ച് മുന്‍ താരം ആശിഷ് നെഹ്‌റ. ഇഷാന്തിനെ അഭിനന്ദിച്ചേ തീരൂവെന്നും അദ്ദേഹത്തിന്റെ പ്രകടനത്തിന് പിന്നിലുള്ള കാരണം ഫിറ്റ്‌നസാണെന്നും നെഹ്‌റ പറഞ്ഞു.

“നിങ്ങള്‍ ഇഷാന്തിനെ അഭിനന്ദിച്ചേ തീരൂ. കാരണം ഒരു ബൗളര്‍ക്കു 300 വിക്കറ്റുകളെടുക്കാന്‍ ഒരുപാട് സമയം ആവശ്യമാണ്. അവസാന രണ്ടു വര്‍ഷത്തെ അദ്ദേഹത്തിന്റെ ബോളിംഗ് ഉജ്ജ്വലമായിരുന്നു. എല്ലായ്പ്പോഴും സ്വന്തം ഫിറ്റ്നസ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നയാളാണ് ഇഷാന്ത്. സ്വന്തം ഗെയിമിന് സമയം നല്‍കുകയും ചെയ്തു. നിങ്ങള്‍ ഇതു ചെയ്യുമ്പോള്‍ ഗെയിം തിരിച്ച് പ്രതിഫലം നല്‍കും.”

Image result for ISHANT 300

“കഴിവ്, ശേഷി, പ്രതിഭ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ ഇഷാന്തിനേക്കാള്‍ മുകളിലാണ്. എന്നിട്ടും അവരുമായി പിടിച്ചുനില്‍ക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം തന്നെയാണ്. ഇഷാന്തിന്റെ ബോളിംഗിനെക്കുറിച്ചു പറയുകയാണെങ്കില്‍ 75-80 ശതമാനം പ്രകടനത്തിനും പിന്നില്‍ ഫിറ്റ്നസാണ്” നെഹ്റ പറഞ്ഞു.

Image result for ISHANT 300

ടെസ്റ്റില്‍ ഇന്ത്യക്കായി 300 വിക്കറ്റുകള്‍ തികച്ച ആറാമത്തെ ബോളറും മൂന്നാമത്തെ മാത്രം പേസറുമാണ് ഇഷാന്ത്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ദേവ്, സഹീര്‍ ഖാന്‍ എന്നിവര്‍ മാത്രമേ മുന്നേ ഈ നേട്ടം മറികടന്നിട്ടുള്ളു. ഇവരെ കൂടാതെ ഈ നേട്ടത്തിലെത്തിയ ബാക്കി മൂന്ന് പേര്‍ സ്പിന്നര്‍മാരാണ്.