റായിഡുവിന്റെ വിരമിക്കല്‍, ധോണിയ്‌ക്ക് എതിരെ ആഞ്ഞടിച്ച് യുവിയുടെ പിതാവ്

ലോക കപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അമ്പാടി റായിഡുവിന്റെ വിരമിക്കല്‍. ലോക കപ്പ് ടീമില്‍ അവസരം ലഭിക്കാത്തതിന്റെ നീരസം ഉളളിലൊതുക്കിയായിരുന്നു റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത്.

എന്നാല്‍ റായിഡുവിന്റെ വിരമിക്കലിന് പിന്നാലെ ധോണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോക കപ്പിനിടെ തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച യുവരാജ് സിംഗിന്റെ പിതാവ് രംഗത്തെത്തി. ധോണിയെ പോലുളളവര്‍ എക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ടാകില്ലെന്നും കളി തുടരണമെന്നുമാണ് യുവരാജിന്റെ പിതാവും മുന്‍ ഇന്ത്യന്‍ താരവുമായ യോഗ് രാജ് സിംഗ് റായിഡുവിനെ ഉപദേശിക്കുന്നത്.

” റായുഡു ഇനിയും ക്രിക്കറ്റ് കളിക്കണം. ഏറെക്കാലം. രഞ്ജിട്രോഫിയും, ഇറാനി ട്രോഫിയും, ദുലീപ് ട്രോഫിയുമെല്ലാം കളിക്കണം. സെഞ്ച്വറിയും, ഇരട്ട സെഞ്ച്വറിയും, ട്രിപ്പിള്‍ സെഞ്ച്വറിയുമെല്ലാം നേടണം. നിങ്ങളില്‍ ഒത്തിരി ക്രിക്കറ്റ് അവശേഷിക്കുന്നുണ്ട്. അത് കൊണ്ടു തന്നെ വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ നിങ്ങള്‍ തയ്യാറാകണം. ധോണിയെ പോലുള്ളവര്‍ എക്കാലവും ടീമിലുണ്ടാവില്ല. നിങ്ങള്‍ക്ക് ഇനിയും ഏറെ അവസരം ലഭിക്കും” യോഗ് രാജ് പറയുന്നു.

ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോക കപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് റായുഡു വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

Read more

ഇതാദ്യമായല്ല ധോണിയ്‌ക്കെതിരെ യോഗ് രാജ് സിംഗ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. നേരത്തെ യുവരാജിനെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കാന്‍ ധോണി ശ്രമിക്കുകയാണെന്ന് യോഗ് രാജ് അരോപണം ഉന്ന യിച്ചിരുന്നത് ഏറെ വിവാദമായിരുന്നു.