'ഞാന്‍ കണ്ട ഏറ്റവും മികച്ച സീം പൊസിഷന്‍'; സതാംപ്ടണില്‍ ശ്രീശാന്തിനെ സ്മരിച്ച് കാര്‍ത്തിക്

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സതാംപ്ടണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിടെ മലയാളി പേസര്‍ എസ്.ശ്രീശാന്തിനെ സ്മരിച്ച് ദിനേശ് കാര്‍ത്തിക്. കളിയിലെ കമന്ററിക്കിടെയാണ് കാര്‍ത്തിക് ശ്രീശാന്തിനെ സ്മരിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെ ഇംഗ്ലീഷ് കമന്ററി പാനലില്‍ അംഗമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക്ക്.

“രണ്ട് വശത്തേക്കും സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് ഷമിയുടെ ബോളിംഗിനെ മനോഹരമാക്കുന്നത്. സീം പൊസിഷനാണ് അതിന് കാരണമെന്നും ശ്രീശാന്തിന് ശേഷം ഞാന്‍ കണ്ട ഏറ്റവും മികച്ച സീം പൊസിഷന്‍ ഷമിയുടേതാണ്” കാര്‍ത്തിക് കമന്ററിക്കിടെ പറഞ്ഞു. ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിലെ 17-ാം ഓവറിലായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ ഈ കമന്റ്.

കാര്‍ത്തിക്കിന്റെ ഈ കമന്റ് ശ്രീശാന്ത് ആരാധകരെ ചെറുതൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. 2006 മുതല്‍ 2011 വരെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീശാന്ത്. പിന്നീട് ഐ.പി.എല്ലിലെ ഒത്തുകളി വിവാദത്തില്‍പ്പെട്ട് താരം പുറത്തു പോവുകയായിരുന്നു. 27 ടെസ്റ്റില്‍ നിന്ന് ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

ഫൈനലിന്‍റെ മൂന്നാം ദിനം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാത്തതില്‍ ക്രിക്കറ്റ് ലോകത്തു നിന്ന് വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുകയാണ്. ന്യൂസിലന്‍ഡ് ബോളര്‍മാരുടെ പ്രകടനം വെച്ച് നോക്കുമ്പോള്‍ തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ ബോളിംഗ് നിരയുടേത്. ഡ്യൂക്‌സ് ബോളിലെ സ്വാഭാവിക സ്വിംഗ് പോലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ലഭിച്ചില്ല എന്നതാണ് ശ്രദ്ധേയം.