ന്യൂസിലന്‍ഡ് കാണിച്ചത് വമ്പന്‍ വിഡ്ഢിത്തം, മുന്നില്‍ തോല്‍വി; തുറന്നടിച്ച് ഷെയ്ന്‍ വോണ്‍

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡ് അണിനിരത്തിയ പ്ലേയിംഗ് ഇലവനെ വിമര്‍ശിച്ച് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഒരു സ്പിന്നര്‍ പോലുമില്ലാതെ അഞ്ചു പേസര്‍മാരെ അണിനിരത്തിയത് ന്യൂസിലന്‍ഡ് കാണിച്ച വന്‍ വിഡ്ഢിത്തമാണെന്നും ഇത് പരാജയത്തിന് തന്നെ കാരണമായേക്കാമെന്നും വോണ്‍ പറഞ്ഞു.

“ഫൈനലില്‍ ന്യൂസിലാന്‍ഡ് ഒരു സ്പിന്നറെ കളിപ്പിക്കാതിരുന്നതില്‍ വളരെയധികം നിരാശയുണ്ട്. അധികം വൈകാതെ തന്നെ സ്പിന്നര്‍മാര്‍ക്കും ഈ വിക്കറ്റ് ഗുണം ചെയ്യും. സീം ചെയ്യുന്നുണ്ടെങ്കില്‍ അതു സ്പിന്‍ ചെയ്യുമെന്നതും മറക്കരുത്. ഇന്ത്യ 275നോ 300നോ മുകളില്‍ സ്‌കോര്‍ ചെയ്യുകയാണെങ്കില്‍, ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് മല്‍സരം അവസാനിച്ചുവെന്ന് ഉറപ്പിക്കാം. അല്ലെങ്കില്‍ കാലാവസ്ഥ കളി തടസ്സപ്പെടുത്തണം” വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

Image

രണ്ട് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് നിരയിലുള്ളത്. സാഹചര്യങ്ങള്‍ മാറാനിടയുള്ളതിനാല്‍ അതിനു അനുസരിച്ചാണ് തങ്ങള്‍ ടീം തയാറാക്കിയതെന്ന് കോഹ്‌ലി മത്സരത്തിന് മുമ്പ് പറഞ്ഞു.

Read more

ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം വെളിച്ചക്കുറവു മൂലം കളി അവസാനിപ്പിക്കുമ്പോള്‍ 65 ഓവറില്‍ മൂന്നു വിക്കറ്റിന് 146 റണ്‍സെടുത്തിട്ടുണ്ട്. കോഹ്‌ലി (44*), അജിങ്ക്യ രഹാനെ (29*) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (34), ശുഭ്മാന്‍ ഗില്‍ (28), ചേതേശ്വര്‍ പുജാര (8) എന്നിവരാണ് പുറത്തായത്.