രോഹിത്തോ കോഹ്‌ലിയോ പൂജാരയോ അല്ല ഞങ്ങളുടെ പ്രധാന ഭീഷണി; ഇന്ത്യന്‍ യുവതാരത്തെ ചൂണ്ടി കിവീസ് കോച്ച്

ഇന്ത്യ-ന്യൂസിലന്റ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അടുത്തിരിക്കെ ഇന്ത്യന്‍ നിരയില്‍ തങ്ങളുടെ മുഖ്യ തലവേദന ആരെന്ന് തുറന്നു പറഞ്ഞ് കിവീസ് ബോളിംഗ് കോച്ച് ഷെയ്ന്‍ ജര്‍ഗെന്‍സെന്‍. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തായിരിക്കും ഫൈനലില്‍ തങ്ങളുടെ പ്രധാന ഭീഷണിയെന്നു ജര്‍ഗെന്‍സെന്‍ ചൂണ്ടിക്കാട്ടി.

“വളരെ അപകടകാരിയായ പ്ലെയറാണ് റിഷഭ്, മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ നമ്മള്‍ ഇതു കണ്ടുകഴിഞ്ഞതുമാണ്. വളരെയധികം പോസിറ്റീവ് ചിന്താഗതിയുള്ള താരമാണ് അവന്‍.”

“വളരെ ഒഴുക്കോടെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്സ്മാനാണ് അദ്ദേഹം, അതിനാല്‍ തന്നെ റിഷഭിനെ തടഞ്ഞുനിര്‍ത്തുക ബുദ്ധിമുട്ടാണ്. ഞങ്ങളുടെ ബോളര്‍മാര്‍ റിഷഭിനെതിരേ വളരെ നന്നായി ബൗള്‍ ചെയ്യേണ്ടതുണ്ട്. ശാന്തമായി, കൃത്യമായ പ്ലാനിംഗോടെ ബോള്‍ ചെയ്ത് റിഷഭിന് റണ്‍സെടുക്കുകയെന്നത് ദുഷ്‌കരമാക്കി മാറ്റണം.”

Shane Jurgensen set to become New Zealand

“ഇന്ത്യയുടെ ബോളിംഗ് ലൈനപ്പും വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഒരുപാട് ഓപ്ഷനുകള്‍ അവര്‍ക്കുണ്ട്. ജസ്പ്രീത് ബുംറ മുതല്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ വരെയുള്ളവരില്‍ നിന്നും കടുത്ത വെല്ലുവിളി ഞങ്ങള്‍ക്കു നേരിടേണ്ടിവരും. ഓള്‍റൗണ്ടര്‍ കൂടിയായ താക്കൂര്‍ ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. അവരുടെ സ്പിന്നര്‍മാര്‍ ഇരുവശങ്ങളിലേക്കും ടേണ്‍ ചെയ്യിക്കാന്‍ മിടുക്കരാണ്” യുര്‍ഗെന്‍സണ്‍ പറഞ്ഞു.