ഷമി ഹീറോയാടാ ഹീറോ ! സതാംപ്ടണില്‍ ഷമിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വേണ്ടത്ര ശോഭിക്കാന്‍ സാധിക്കാത്തതില്‍ ക്രിക്കറ്റ് ലോകത്തു നിന്ന് വന്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയര്‍ന്നത്. ഡ്യൂക്‌സ് ബോളിലെ സ്വാഭാവിക സ്വിംഗ് പോലും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ലഭിച്ചില്ല എന്നത് വിമര്‍ശനത്തിന്റെ ആക്കം കൂട്ടി. ഇഷാന്ത് ശര്‍മ്മ മാത്രമാണ് ഭേദപ്പെട്ടു നിന്നത്. ബുംറയുടെയും ഷമിയുടെയും ബോളുകള്‍ സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നില്ല. ഇത് ഇരുവര്‍ക്കും ഏറെ പരിഹാസമാണ് സമ്മാനിച്ചത്.

എന്നാല്‍ അഞ്ചാം ദിനം കളിമാറി. മുമ്പന്മാര്‍ പിമ്പന്മാരും, പിമ്പന്മാര്‍ മുമ്പന്മാരുമായി. അഞ്ചാം ദിനം നാല് വിക്കറ്റുകളാണ് ഷമി പിഴുതത്. അതും ഏറെ നിര്‍ണായകമായ വിക്കറ്റുകള്‍. റോസ് ടെയ്‌ലര്‍, വാട്‌ലിംഗ്, ജാമിസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം എന്നിവരുടെ വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഷമിയുടെ ഈ മിന്നുംപ്രകടനം കിവീസിനെ കുറഞ്ഞ സ്‌കോറിലൊതുക്കാന്‍ ഇന്ത്യയ്ക്ക് ഏറെ സഹായകരമായി.

വാട്‌ലിംഗിനെ ബൗള്‍ഡാക്കിയതോടെ ഷമി ബൗള്‍ഡില്‍ സെഞ്ച്വറി തികച്ച ഏഴാമത്തെ ഇന്ത്യന്‍ താരമായി. അനില്‍ കുംബ്ലെ (185), കപില്‍ ദേവ് (167), സഹീര്‍ ഖാന്‍ (140), ജവഗല്‍ ശ്രീനാഥ് (125), ആര്‍ അശ്വിന്‍ (120), രവീന്ദ്ര ജഡേജ (100) എന്നിവരാണ് ബൗള്‍ഡ് ക്ലബ്ബിലെ മറ്റുള്ളവര്‍.

ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകളെടുത്ത മൂന്നാമത്തെ ബോളര്‍ കൂടിയാണ് ഷമി. 37 വിക്കറ്റുകളാണ് ഷമി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വീഴ്ത്തിയത്. 68 വിക്കറ്റുകളുമായി ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് തലപ്പത്ത്. 38 വിക്കറ്റുകളെടുത്ത ഇഷാന്ത് ശര്‍മ രണ്ടാംസ്ഥാനത്തും 34 വിക്കറ്റുകളോടെ ബുംറയാണ് ഷമിക്കു പിന്നില്‍ നാലാംസ്ഥാനത്തുമാണ്.