പ്രമുഖര്‍ മടങ്ങി, സതാംപ്ടണില്‍ തോല്‍വി മണത്ത് ഇന്ത്യ

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ റിസര്‍വ് ദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. സ്‌കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുന്നേ കോഹ്‌ലിയും പൂജാരയും പുറത്തായി. ജാമിസണിന്റെ ബോളില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‌ലി മടങ്ങിയത്. 13 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. ആദ്യ ഇന്നിംഗ്‌സിലും ജാമിസണായിരുന്നു കോഹ്‌ലിയെ മടക്കിയത്.

കോഹ്‌ലി പുറത്തായതിന് പിന്നാലെ പൂജാരയും മടങ്ങി. ജാമിസണിന്റെ ബോളില്‍ സ്ലിപ്പില്‍ ടെയ്‌ലര്‍ പിടിച്ചാണ് താരം പുറത്തായത്. 80 ബോളില്‍ 15 റണ്‍സാണ് പൂജാര നേടിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 5 റണ്‍സുമായി രഹാനെയും 7 റണ്‍സുമായി പന്തുമാണ് ക്രീസില്‍. 51 റണ്‍സിന്‍റെ ലീഡ് മാത്രമാണ് ഇന്ത്യയ്ക്കിപ്പോള്‍ ഉള്ളത്.

അഞ്ചാം ദിനമായ ഇന്നലെ 64 ന് രണ്ടെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. 30 റണ്‍സെടുത്ത രോഹിത്തിന്റെയും 8 റണ്‍സെടുത്ത ഗില്ലിന്റെയും വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സൗത്തിക്കായിരുന്നു രണ്ട് വിക്കറ്റുകളും.

ഫൈനലിലെ റിസര്‍വ് ദിനമായ ഇന്ന് പരമാവധി 98 ഓവറാണ് എറിയാനാവുക. തെളിഞ്ഞ കാലാവസ്ഥയാണ് സതാംപ്ടണിലുള്ളത്. അതിനാല്‍ തന്നെ ഇന്ന് മത്സരം പൂര്‍ണമായും നടക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ നന്നായി വിയര്‍ക്കേണ്ടി വരും.