ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: വിജയസാദ്ധ്യത ഉണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡിന് മാത്രം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക് കടന്നിരിക്കുകയാണ്. റിസര്‍വ് ദിനമായ ഇന്ന് കാര്യങ്ങള്‍ ആര്‍ക്ക് അനുകൂലമാവും എന്നത് പ്രവചനാതീതമായതിനാല്‍ മത്സരം തീരുംവരെ കാക്കേണ്ടി വരും. കളി സമനിലയിലാകാനാണ് സാദ്ധ്യത കൂടുതലെങ്കിലും വിജയത്തിന് എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡിനായിരിക്കുമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ് പറഞ്ഞു.

“ഇന്ന് ഇറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. ഒന്നെങ്കില്‍ മികച്ച ടോട്ടല്‍ ന്യൂസിലന്‍ഡിന് മുന്നില്‍ വെയ്ക്കുക അല്ലെങ്കില്‍ സമനിലയ്ക്കു വേണ്ടി കളിക്കുക. ചേസിംഗിനായി ഒരോവറില്‍ കുറഞ്ഞത് നാല് റണ്‍സ് എന്ന നിലയിലുള്ള ലീഡെങ്കിലും ഇന്ത്യ മുന്നോട്ടുവെയ്ക്കണം.അല്ലാത്ത പക്ഷം ന്യൂസിലന്‍ഡ് കളിയില്‍ മുന്‍കൈ നേടും.”

“കളിയില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. കിരീടം ഏതെങ്കിലും ഒരു ടീം ചൂടുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡായിരിക്കും. ഇന്ത്യയെ കൊണ്ട് ബോളെറിയിക്കണോ അതോ സമനിലയിലേക്ക് പോണോ എന്നത് ന്യൂസിലന്‍ഡിന്റെ പ്രകടനത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. വിജയത്തിന് എന്തെങ്കിലും സാദ്ധ്യത മുന്നിലുണ്ടെങ്കില്‍ അത് നേടാന്‍ അവസരം ലഭിക്കുന്ന ഒരേയൊരു ടീം ന്യൂസിലന്‍ഡാണ്” ഹോഗ് പറഞ്ഞു.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ രണ്ടിന് 64 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മയുടെയും (30) ശുഭ്മാന്‍ ഗില്ലിന്റെയും (8) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ പൂജാരയും (12*) കോഹ് ലിയുമാണ് (8*) ക്രീസില്‍. 32 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത്.