കിവികള്‍ക്ക് മുമ്പില്‍ അടിയറവു പറഞ്ഞ് ഇന്ത്യ, നാണംകെട്ട തോല്‍വിയുടെ മൂന്ന് കാരണങ്ങള്‍

ഇന്ത്യയെ നിഷ്പ്രയാസം തോല്‍പ്പിച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടിയിരിക്കുകയാണ് ന്യൂസിലന്‍ഡ്. രണ്ടു ദിനം പൂര്‍ണമായും മഴ നിറഞ്ഞാടിയ ഫൈനലിന്‍റെ റിസര്‍വ് ദിനത്തിലാണ് കിവീസ് ജയിച്ചു കയറിയത്. എട്ട് വിക്കറ്റിനാണ് കോഹ്‌ലിപ്പടയെ വില്യംസണും കൂട്ടരും വീഴ്ത്തിയത്.

ഇന്ത്യയുടെ പരാജയത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത് ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ്. ഏറെ നിര്‍ണായക നിമിഷത്തില്‍ പോലും മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന താരങ്ങളെയാണ് കാണാനായത്. അതില്‍ കോഹ്‌ലി സഹിതം പ്രതികളാണ്. പിന്നെ ഇന്ത്യയുടെ വാലറ്റവും ഒന്നും പൊരുതി പോലും നോക്കാന്‍ ശ്രമം നടത്താതെ പത്തി മടക്കി.

Image

ഒന്നാം ഇന്നിംഗ്‌സില്‍ ന്യൂസിലന്‍ഡിന്റെ വാലറ്റത്തെ മടക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വൈകിയതും തിരിച്ചടിയായി. ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 എന്ന നിലയിലേക്ക് തകര്‍ന്ന ന്യൂസിലന്‍ഡിനെ 249 എന്ന സ്‌കോറിലേക്കെത്തിച്ചത് വാലറ്റത്തിന്റെ പ്രകടനമായിരുന്നു. ഇതിലൂടെ 32 റണ്‍സിന്റെ ലീഡും നേടാന്‍ കിവികള്‍ക്കായി.

ഇന്ത്യയുടെ തോല്‍വിയുടെ മറ്റൊരു കാരണമായി പറയാവുന്നത് സൂപ്പര്‍ പേസര്‍ ബുംറയ്ക്ക് ഒന്നും തന്നെ ചെയ്യാനായില്ല എന്നതാണ്. ഫൈനലില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ലോകമുന്‍നിര പേസര്‍ക്ക് ആയില്ല. മറ്റ് ബോളര്‍മാര്‍ താരതമ്യേന മികച്ചു നിന്നപ്പോള്‍ പേസിനെ പിന്തുണക്കുന്ന പിച്ചില്‍ ബുംറ നിസ്സഹായനായി. മൂന്ന് പേസര്‍മാരുണ്ടായിട്ടും രണ്ട് പേരെ മാത്രം കളിപ്പിച്ച അവസ്ഥയായി ഇന്ത്യയ്ക്ക്.