അവന്റെ നിഴലിനെ പോലും പേടിക്കണമെന്ന് എതിരാളികള്‍, തിരിച്ചുവരവില്‍ ഞെട്ടിച്ച് ഇന്ത്യന്‍ താരം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റ് അവസാനിക്കുമ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാരെന്ന ചോദ്യത്തിന് ഇനി സംശയമേതുമില്ലാതെ ഉത്തരം പറയാം വൃദ്ധിമാന്‍ സാഹയെന്ന്. വിക്കറ്റിന് പിന്നില്‍ അതിമനോഹര പ്രകടനം കാഴ്ച്ചവെച്ചാണ് സഹാ തന്റെ 34ാം വയസ്സിലും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

കഴിഞ്ഞ രണ്ട് ടെസ്റ്റിലും തന്റെ ക്ലാസ് തെളിയിക്കുന്ന പ്രകടനമാണ് സാഹ ഇന്ത്യയ്ക്കായി കാഴ്ച്ചവെച്ചത്. അശ്വിന്റേയും ജഡേജയുടേയും കുത്തിതിരിയുന്ന പന്തുകള്‍ക്ക് മുന്നിലും പേസ് ആക്രമണത്തിന് മുന്നിലും സാഹ തന്റെ മികവ് ഒരു പോലെ നിലനിര്‍ത്തി. വിന്‍ഡീസില്‍ സാഹയെ പുറത്തിരുത്തി റിഷഭ് പന്തിനെ പരീക്ഷിച്ചത് പോലും ഒട്ടും നീതികരിക്കാനാകാത്ത കാര്യമായിരുന്നെന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുളള സാഹയുടെ പ്രകടനം സാക്ഷ്യപ്പെടുത്തുന്നു.

നേരത്തെ ഒരു വര്‍ഷത്തോളം പരിക്ക് വേട്ടയാടി താരം തന്റെ തിരിച്ചുവരവ് വെറുതെയായില്ലെന്ന് തെളിയ്ക്കുന്ന പ്രകടനമാണ് മൈതാനത്ത് കാഴ്ച്ചവെച്ചത്. പരമ്പരയില്‍ രണ്ട് മത്സരം പിന്നിടുമ്പോള്‍ ഏഴ് ക്യാച്ചുകളാണ് സാഹ നേടിയത്. ഇതില്‍ പലതും ആരേയും അമ്പരപ്പിക്കുന്നതായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സൂപ്പര്‍ വിജയം നേടിയ രണ്ടാം ടെസ്റ്റില്‍ ഡി ബ്രുയ്നെ പുറത്താക്കാന്‍ സാഹയെടുത്ത ക്യാച്ച് വിശേഷണങ്ങള്‍ക്ക് അതീതമാണെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ആറാം ഓവറില്‍ വൃദ്ധിമാന്‍ സാഹ ഉമേഷ് യാദവിന്റെ പന്തില്‍ ഡി ബ്രൂയ്നെ പുറത്താക്കിയത്.

ഇടതുസൈഡിലൂടെ വന്ന പന്തിന് ഡി ബ്രൂയ്ന്‍ ബാറ്റ് വെയ്ക്കുകയായിരുന്നു. ബാറ്റില്‍ തട്ടിയ പന്ത് അതിവേഗത്തില്‍ പിന്നിലേക്ക് പാഞ്ഞെത്തിയെങ്കിലും ഒരു മുഴുനീളന്‍ ഡൈവിലൂടെ സാഹ തന്റെ കൈപ്പിടിയിലൊതുക്കി. നായകന്‍ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ ഗ്രൗണ്ടില്‍ വെച്ചു തന്നെ സാഹയെ അഭിനന്ദിച്ചു. പിന്നീട് ക്രിക്കറ്റ് ലോകത്തു നിന്നും അഭിനന്ദന പ്രവാഹമായിരുന്നു.