പൗരത്വ ഭേദഗതി നിയമം: ആദ്യ പ്രതികരണവുമായി കോഹ്ലി

രാജ്യത്ത് കൊടുമ്പിരി കൊള്ളുന്ന പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചുളള ചോദ്യം നേരിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും. ശ്രീലങ്ക – ഇന്ത്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഗുവാഹത്തിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കോഹ്ലിയ്ക്ക് ഈ ചോദ്യം നേരിടേണ്ടി വന്നത്.

എന്നാല്‍ കോഹ്ലി കൃത്യമായി നിലപാട് പറയാതെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞു മാറി. ഇപ്പോള്‍ ഈ പ്രതിഷേധങ്ങളോട് പ്രതികരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയായി പോകുമെന്ന് പറഞ്ഞ കോഹ്ലി ഇരുപക്ഷത്ത് നിന്നും തീവ്രമായ അഭിപ്രായങ്ങള്‍ വരുന്നുണ്ടെന്നും കൂട്ടിചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തനിക്ക് വേണ്ടത്ര അറിവില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നത് നിരുത്തരവാദപരമാകുമെന്നും ഏതായാലും ഈ നഗരം തികച്ചും സുരക്ഷിതമാണെന്ന് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും കോഹ്ലി പറഞ്ഞ് നിര്‍ത്തി.

കഴിഞ്ഞ മാസം ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചതു മുതല്‍ കടുത്ത പ്രതിഷേധം നടക്കുന്ന അസമിന്റെ തലസ്ഥാനത്താണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതാണ് ഇത്തരമൊരു ചോദ്യം നേരിടേണ്ടി വന്നത്.

അതെസമയം ചതുര്‍ദിന ടെസ്റ്റ് മത്സരം എന്ന ആശയത്തെ കോഹ്ലി എതിര്‍ത്തു. അത് അത്ര നല്ലതാണെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നാണ് കോഹ്ലി നിലപാട് വ്യക്തമാക്കിയത്. ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യത്തില്‍ മാറ്റം വരുത്തരുതെന്ന് പറഞ്ഞ കോഹ്ലി എന്നാല്‍ പകല്‍ രാത്രി ടെസ്റ്റ് മത്സരം ആവേശകരമായ അനുഭവമാണ് സമ്മാനിയ്ക്കുന്നതെന്നും കൂട്ടിചേര്‍ത്തു.