വനിതാ ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് ഔട്ട്; പുറത്താകലിന് കാരണം നിസ്സാരമല്ല

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ഫീല്‍ഡിംഗ് കോച്ച് അഭയ് ശര്‍മ്മയെ അപ്രതീക്ഷിതമായി പുറത്താക്കി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായുള്ള ബയോ ബബിളില്‍ പ്രവേശിക്കാത്തതാണ് ശര്‍മ്മക്കെതിരായ നടപടിക്ക് കാരണം. ശര്‍മ്മയ്ക്ക് പുറമെ ട്രയിനര്‍ നരേഷും ബയോ ബബിള്‍ ഒഴിവാക്കിയിരുന്നു. ഇരുവര്‍ക്കും പകരക്കാരെ ഉടന്‍ കണ്ടെത്തുമെന്ന് ബിസിസിഐ അറിയിച്ചു.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓസിസ് പര്യടനം. അതിനു മുന്നോടിയായി ബെംഗളൂരുവില്‍ ബയോ ബബിളിലാണ് കളിക്കാരും കോച്ചിംഗ്, മെഡിക്കല്‍ സ്റ്റാഫുകളും. എന്നാല്‍ അഭയ് ശര്‍മ്മയും നരേഷും കാരണം വ്യക്തമാക്കാതെ ബയോ ബബിള്‍ ഒഴിവാക്കുകയായിരുന്നു.

ഫീല്‍ഡിംഗ് കോച്ചെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ ആളാണ് അഭയ്. ഇന്ത്യന്‍ വനിതാ ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം ഉയര്‍ത്താന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ അഭയിന് സാധിച്ചിരുന്നു. സീനിയര്‍ താരങ്ങളായ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും അഭയിന്റെ സേവനങ്ങളെ പുകഴ്ത്തുകയുമുണ്ടായി. ഹര്‍ലീന്‍ ഡിയോളിനെ പോലുള്ള താരങ്ങളുടെ ഫീല്‍ഡ് മികവ് വെളിപ്പെട്ടത് അഭയിന്റെ കീഴിലാണ്.