ഇന്ത്യ ഇല്ലെങ്കിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇല്ല, പ്രസിഡന്റ് കൊടുത്തത് വിലയേറിയ സമ്മാനം

ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദ് ജമൈക്ക ക്രിക്കറ്റ് അസോസിയേഷന് 100 ക്രിക്കറ്റ് കിറ്റുകൾ സംഭാവന ചെയ്തത് കഴിഞ്ഞ ദിവസങ്ങളിലെ ഒരു പ്രധാന വാർത്ത ആട്ടിയിരുന്നു. പ്രേസിടന്റിൽ നിന്ന് 100 ക്രിക്കറ്റ് കിറ്റുകൾ ഏറ്റുവാങ്ങിയ ശേഷം നന്ദി പ്രകടിപ്പിച്ച ജമൈക്കൻ ക്രിക്കറ്റ് പ്രസിഡന്റ് വിൽഫ്രഡ് ബില്ലി ഹെവൻ ഇത് തന്റെ ജനങ്ങൾക്ക് അഭിമാനകരമായ നിമിഷമാണെന്ന് പറഞ്ഞു.

ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തുമ്പോഴും സബീന പാർക്കിൽ കളിക്കുമ്പോഴുമാണ് ജമൈക്ക ക്രിക്കറ്റ് ഏറ്റവും കൂടുതൽ വരുമാനം നേടുന്നതെന്ന് ഹെവൻ പറഞ്ഞു. “ഇന്ത്യ കരീബിയൻ മണ്ണിൽ എത്തി കളിക്കുന്ന മത്സരങ്ങൾ കാണാനാണ് കൂടുതൽ ആളുകളെത്തുന്നത് . ഇന്ത്യ ഇവിടെ കളിക്കാൻ വരുമ്പോഴെല്ലാം ഞങ്ങൾ കൂടുതൽ പണം സമ്പാദിക്കുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ ഏറ്റവും വലിയ വരുമാനം ഇന്ത്യ വരുമ്പോഴാണെന്ന് പറയാം.

കരീബിയൻ രാജ്യമായ ജമൈക്കയിൽ നാലു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഷ്ട്രപതി കോവിന്ദ്, ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് സഹകരണത്തിന്റെ അടയാളമായി ജമൈക്ക ക്രിക്കറ്റ് അസോസിയേഷന് ക്രിക്കറ്റ് കിറ്റുകളുടെ പ്രതീകാത്മക സമ്മാനം നൽകുക ആയിരുന്നു.

“ഇത് അഭിമാന നിമിഷമാണ്, വ്യക്തിപരമായി എനിക്കും ജമൈക്കൻ ക്രിക്കറ്റ് അസോസിയേഷനും. ഞങ്ങൾക്ക് 100 കിറ്റുകൾ ലഭിക്കും. അതിൽ പകുതിയും ഹൈസ്‌കൂളുകൾക്ക് നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്,” ഹെവൻ പറഞ്ഞു.

“ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് ക്രിക്കറ്റ് കളിക്കാൻ താൽപ്പര്യമുണ്ട്, പക്ഷെ ഒരുപാട് ചിലവാണ് ഇത് പഠിക്കാൻ. ഇതിന് ശേഷം ജമൈക്കയിൽ നിന്ന് നിരവധി യുവ ക്രിക്കറ്റ് താരങ്ങളെ നിങ്ങൾ കണ്ടേക്കാം. നിലവിൽ 17 കരീബിയൻ താരങ്ങൾ ഐപിഎൽ കളിക്കുന്നതിനാൽ വളർന്ന് വരുന്ന താരങ്ങളും ലീഗിന്റെ ഭാഗമായേക്കും. അതിൽ നാല് പേർ ജമൈക്കയിൽ നിന്നുള്ളവരാണ്. ഇത് ഇന്ത്യയും ജമൈക്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും.”

ഇന്ത്യ- വെസ്റ്റിൻഡീസ് താരങ്ങൾ തമ്മിലുള്ള സൗഹൃദം ആളുകളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്.