ക്രിക്കറ്റിനെ കൊന്ന് വിന്‍ഡീസ്, '6ഇറ്റി' പ്രഖ്യാപിച്ചു, വിചിത്ര നിയമങ്ങള്‍!

‘6ഇറ്റി’ എന്ന പേരില്‍ പുതിയ ടി10 ലീഗ് പ്രഖ്യാപിച്ച് വെസ്റ്റന്‍ഡീസ് ക്രിക്കറ്റ്. ഓഗസ്റ്റ് 24 മുതല്‍ 28 വരെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ്‌ലാണ്.

വിചിത്രമായ നിയമാവലിയാണ് ‘6ഇറ്റി’യുടെ എടുത്ത് പറയേണ്ട പ്രത്യേകത. സാധാരണ ക്രിക്കറ്റില്‍ ഒരു ടീമിന് 10 വിക്കറ്റാണ് ഉള്ളതെങ്കില്‍ ‘6ഇറ്റി’യില്‍ ഒരു ടീമിന് 6 വിക്കറ്റുകളേ ഉണ്ടാകൂ. 2 ഓവറായിരിക്കും നിര്‍ബന്ധിത പവര്‍പ്ലേ. എന്നാല്‍ ആദ്യ രണ്ട് ഓവറിനിടെ രണ്ട് സിക്‌സര്‍ നേടിയാല്‍ മൂന്നാം ഓവറും പവര്‍പ്ലേയായിരിക്കും.

‘6ഇറ്റി’യില്‍ ഓരോ ഓവര്‍ കഴിയുമ്പോഴും എന്‍ഡുകള്‍ മാറില്ല. അഞ്ച് ഓവര്‍ കഴിഞ്ഞാല്‍ മാത്രമാണ് വിക്കറ്റ് എന്‍ഡുകള്‍ മാറാന്‍ കഴിയുക. 45 മിനിറ്റിനുള്ളില്‍ 10 ഓവര്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ഓവറില്‍ ഒരു ഫീല്‍ഡറെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിക്കേണ്ടി വരും.

ആരാധകരുടെ വോട്ടിംഗിലൂടെ ലഭിക്കുന്ന ‘മിസ്ട്രി ഫ്രീ ഹിറ്റാ’ണ് ലീഗിന്റെ മറ്റൊരു പ്രത്യേകത. ആരാധകര്‍ക്ക് വെബ്സൈറ്റോ ആപ്പോ വഴി മിസ്റ്ററി ഫ്രീ ഹിറ്റിനായി വോട്ട് ചെയ്യാം. ഈ വചിത്ര നിയമാവലിക്കെതിരെ വിമര്‍ശനങ്ങളും തലപൊക്കി തുടങ്ങിയിട്ടുണ്ട്. വിന്‍ഡീസ് പണത്തിനായി ക്രിക്കറ്റിനെ കൊല്ലുന്നെന്നാണ് മുഖ്യ വിമര്‍ശനം.

പ്രഥമ സീസണില്‍ ആറ് പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളുംലീഗിന്റെ ഭാഗമാകും. സെന്റ് ലൂസിയ കിങ്‌സ്, ഗയാന ആമസോണ്‍ വോറിയേഴ്‌സ്, ബാര്‍ബഡോസ് റോയല്‍സ്, ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, ജമൈക്ക തല്ലവാസ്, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സ് എന്നിവടയാണു പുരുഷ ടീമുകള്‍.