ഇന്ത്യയോട് അഭ്യര്‍ത്ഥനയുമായി കിവീസ് നായകന്‍

കന്നി ലോക കപ്പ് സ്വന്തമാക്കാനാകും എന്ന പ്രതീക്ഷയിലാണ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. ഞായറാഴ്ച ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോഡ്‌സിലാണ് ലോക കപ്പ് ഫൈനല്‍ അരങ്ങേറുക. ഇന്ത്യയെ തോല്‍പിച്ചാണ് തുടര്‍ച്ചയായി രണ്ടാം വട്ടം ന്യൂസിലന്‍ഡിന്റെ ഫൈനല്‍ പ്രവേശനം. ഓസ്‌ട്രേലിയയെ തകര്‍ത്താണ് ഇംഗ്ലണ്ടും കലാശക്കളിയ്ക്ക് അവസരം നേടിയത്.

അതെസമയം ഇന്ത്യന്‍ ആരാധകരോട് ഫൈനലില്‍ തങ്ങളെ പിന്തുണയ്ക്കണം എന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍.

സെമിയില്‍ ഇന്ത്യയുടെ വഴിയടച്ചെങ്കിലും തങ്ങളോട് ഇന്ത്യന്‍ ആരാധകര്‍ക്കു കൂടുതല്‍ ദേഷ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നു വില്ല്യംസണ്‍ പറഞ്ഞു. 105 കോടിയോളം വരുന്ന ഇന്ത്യന്‍ ആരാധകര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ തങ്ങള്‍ക്കു പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള പാഷന്‍ എത്രത്തോളം വലുതാണെന്ന് അറിയാം. ഈ ഗെയിം കളിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്. ഇന്ത്യന്‍ ടീമിന് ആരാധകര്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും വില്ല്യംസണ്‍ പറഞ്ഞു.

ഇന്ത്യ ലോകോത്തര ടീമാണെന്ന് പറഞ്ഞ വില്യംസണ്‍ ഒരൊറ്റ മത്സരത്തിലെ മോശം പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തതെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ പോലെ ന്യൂസിലന്‍ഡിലെ നമ്പര്‍ വണ്‍ കായിക മത്സരം ക്രിക്കറ്റല്ലെന്നും റഗ്ബിയാണെന്നും വില്ല്യംസണ്‍ പറഞ്ഞു. ഇത്തവണ ന്യൂസിലന്‍ഡ് ആദ്യമായി ലോക ചാമ്പ്യന്‍മാരായാലും റഗ്ബിയെ പിന്തള്ളി ക്രിക്കറ്റ് ഒന്നാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. എങ്കിലും തുടര്‍ച്ചയായി രണ്ടാം തവണയും ടീം ലോക കപ്പിന്റെ ഫൈനല്‍ കളിക്കുന്നത് നാട്ടുകാരെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോക കപ്പിന്റെ ഫൈനലില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു.