വില്യംസന് ലോക കപ്പ് നഷ്ടമാകുമോ?; ന്യൂസിലന്‍ഡിന്റെ നെഞ്ചില്‍ തീ പടരുന്നു

ക്യാപ്റ്റനും ബാറ്റിംഗ് നിരയുടെ നട്ടെല്ലുമായ കെയ്ന്‍ വില്യംസന്റെ പരിക്ക് ട്വന്റി20 ക്രിക്കറ്റ് ലോക കപ്പിന് തയാറെടുക്കുന്ന ന്യൂസിലന്‍ഡിനെ വേട്ടയാടുന്നു. കൈമുട്ടിന് പരിക്കേറ്റ വില്യംസന് ലോക കപ്പ് നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കിവി ടീം. ലോക കപ്പിലെ ചില മത്സരങ്ങളില്‍ വില്യംസണ്‍ കളിക്കില്ലെന്ന് ന്യൂസിലന്‍ഡ് കോച്ച് ഗാരി സ്‌റ്റെഡ് വ്യക്തമാക്കിക്കഴിഞ്ഞു.

ഐപിഎല്ലിനിടെയാണ് വില്യംസന് പരിക്കേറ്റത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അവസാന മത്സരത്തില്‍ വില്യംസണ്‍ കളിച്ചിരുന്നില്ല. ന്യൂസിലന്‍ഡിന്റെ വാംഅപ്പ് മത്സരങ്ങളില്‍ നിന്നും വില്യംസണ്‍ വിട്ടുനിന്നിരുന്നു. വില്യംസന്റെ ഫിറ്റ്‌നസ് കിവി മാനെജ്‌മെന്റ് നിരീക്ഷിക്കുന്നുണ്ട്. ലോക കപ്പിലെ പ്രധാന മത്സരങ്ങളില്‍ മാത്രം വില്യംസനെ കളിപ്പിക്കുന്നതിനാണ് ന്യൂസിലന്‍ഡിന്റെ പദ്ധതിയെന്നറിയുന്നു.

നായകനായും ബാറ്ററായും ന്യൂസിലന്‍ഡ് ടീമിലെ അതിപ്രധാന താരമാണ് വില്യംസണ്‍. വില്യംസന്റെ നേതൃപാടവവും ബാറ്റിംഗ് വൈഭവവും ന്യൂസിലന്‍ഡിന്റെ മുന്നോട്ടുപോക്കില്‍ വലിയ സ്വാധീനം ചെലുത്തും. അതിനാല്‍ത്തന്നെ വില്യംസന്റെ അഭാവം ന്യൂസിലന്‍ഡിന്റെ ലോക കപ്പ് പ്രതീക്ഷകളെ വലിയ തോതില്‍ ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.