വില്യംസനെയും ധനഞ്ജയേയും കാത്ത് ആജീവനാന്ത വിലക്ക്, കനത്ത തിരിച്ചടി

ന്യൂസിലന്‍ഡ് ടീം നായകന്‍ കെയ്ന്‍ വില്യംസനും ശ്രീലങ്കന്‍ ബൗളര്‍ അകില ധനഞ്ജയ്ക്കുമെതിരെ ഐസിസി നടപടി വരുന്നു. തെറ്റായ ബൗളിംഗ് ആക്ഷന്റെ പേരിലാണ് ഇരുവരേയും ശിക്ഷിക്കാന്‍ ഐസിസി ഒരുങ്ങുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്കിടേയാണ് വിവാദമായ സംഭവം.

ഇരുവരുടേയും ബൗളിംഗ് ആക്ഷനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മാച്ച് ഒഫിഷ്യല്‍സ് ഇരുവര്‍ക്കുമെതിരെ റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ഇതോടെ അടുത്ത പതിനാല് ദിവസത്തിനുള്ളില്‍ ഇരു താരങ്ങളും ഐസിസിയുടെ ബോളിങ് ആക്ഷന്‍ പരിശോധനയ്ക്ക് വിധേയമാകണം.

എന്നാല്‍ പരിശോധനയുടെ ഫലം വരുന്നത് വരെ രാജ്യാന്തര ക്രിക്കറ്റില്‍ പന്തെറിയുന്നതിന് വിലക്കില്ല. അതേസമയം, ഐസിസി പരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജ്യാന്തര ക്രിക്കറ്റില്‍ പന്തെറിയുന്നതില്‍ നിന്ന് താരങ്ങള്‍ക്ക് വിലക്ക് ലഭിച്ചേക്കും. നേരത്തെ ഇന്ത്യന്‍ താരം ശിഖര്‍ ധവാന് ഇത്തരമൊരു വിലക്ക് ലഭിച്ചിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് കെയ്ന്‍ വില്യംസണ്‍ പന്തെറിഞ്ഞത്. പാര്‍ട്ട് ടൈം ബോളറായി വളരെ വിരളമായി മാത്രമാണ് വില്യംസണ്‍ പന്തെറിയാറുളളു. അതിനാല്‍ തന്നെ വിലക്ക് നേരിട്ടാലും വില്യംസണെ അത് ബാധിക്കില്ല. 73 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 29 വിക്കറ്റുകളാണ് വില്യംസണ്‍ ഇതുവരെ സ്വന്തമാക്കിയിട്ടുളളത്.

അതെസമയം ശ്രീലങ്കയുടെ ഓള്‍റൗണ്ടറായ അകില ധനഞ്ജയ്ക്ക് പരിശോധന അഗ്നിപരീക്ഷയാണ്. ആറ് ടെസ്റ്റ് മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള താരം ഇതിനോടകം 33 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പടെ കിവികള്‍ക്കെതിരെ ശ്രീലങ്കയെ വിജയത്തിലെത്തിക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബൗളിംഗിന് വിലക്ക് വീണാല്‍ ധനഞ്ജയയുടെ കരിയറിനു തന്നെ അവസാനമാകും.