ചേട്ടന്‍മാര്‍ക്കു വേണ്ടി അനിയന്‍മാര്‍ കണക്കു തീര്‍ക്കുമോ ? അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ നാളെ തീക്കളി

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റില്‍ നാളെ ഇന്ത്യയും പാകിസ്ഥാനും പോരടിക്കും. ഗ്രൂപ്പ് എയിലാണ് ഹൈവോള്‍ട്ടെജ് പോരാട്ടം. രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎഇയെ കീഴടക്കിയിരുന്നു.

ട്വന്റി20 ലോക കപ്പില്‍ ഇന്ത്യയെ നാണംകെടുത്തിയ പാകിസ്ഥാനെതിരെ യുവനിര പ്രതികാരം ജയം നേടുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ വലിയ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം. ബാറ്റിംഗിലും ബോളിംഗിലുമെല്ലാം ഇന്ത്യ മികച്ചുനിന്നു.

Read more

സെഞ്ച്വറി നേടിയ ഓപ്പണര്‍ ഹര്‍ണൂര്‍ സിംഗും (120) അര്‍ദ്ധ ശതകം നേടിയ ക്യാപ്റ്റന്‍ യാഷ് ധുല്ലും (63) ബാറ്റിംഗിനെ നയിച്ചു. രാജ്‌വര്‍ദ്ധന്‍ ഹംഗാര്‍ക്കറും (48 നോട്ടൗട്ട്), ഷെയ്ഖ് റഷീദും (35) മോശമാക്കിയില്ല. ഹംഗാര്‍ക്കര്‍ മൂന്നു വിക്കറ്റുമായി ബോളിംഗിലും തിളങ്ങി. രണ്ടു പേരെ വീതം പുറത്താക്കി ഗര്‍വ് സാങ്‌വന്‍, വിക്കി ഓട്‌സ്വാള്‍, കുശാല്‍ താംബെ എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ പാക് അണ്ടര്‍ 19 ടീമും ടൂര്‍ണമെന്റിന് മികച്ച തുടക്കമിട്ടിരുന്നു.