ധോണി കളിക്കുമോ? നിര്‍ണ്ണായക അറിയിപ്പുമായി കോച്ച്

ഐപിഎല്ലില്‍ പിനിയും നടുവേദനയുമായി നട്ടംതിരിയുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എംഎസ് ധോണി ഇന്നിറങ്ങുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ടോസിന് തൊട്ട് മുന്‍പ് മാത്രമേ ധോണി കളിക്കൂകയുളള എന്ന കാര്യത്തില്‍ തീരുമാനമാകുകയുളളവെന്നാണ് പരിശീലകന്‍ സ്റ്റീഫണ്‍ ഫ്‌ളെമിംഗ് പറയുന്നത്.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ധോണിയെ കുറിച്ച് ഫ്‌ളെമിംഗ് പ്രതികരിച്ചത്.

“ദിവസങ്ങളായി ധോണി അസുഖബാധിതനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അതിവേഗം സുഖം പ്രാപിക്കുന്നുണ്ട്. ഡല്‍ഹിക്കെതിരെ ധോണി കളിക്കുമോ ഇല്ലയോ എന്ന കാര്യം മത്സരത്തിന്റെ ടോസിന് തൊട്ട് മുന്‍പ് മാത്രമേ തീരുമാനിക്കൂ. അദ്ദേഹം സുഖപ്പെടുന്നുണ്ട് എന്നത് ആശ്വാസ വാര്‍ത്തയാണ്.”” ഫ്‌ളെമിംഗ് പറയുന്നു.

ഈ സീസണില്‍ പുറം വേദന കലശലായി അലട്ടുന്ന ധോണിക്ക് കഴിഞ്ഞ മത്സരത്തിന് മുന്‍പ് പനിയും പിടിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ധോണി പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇതും ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Read more

മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലും ധോണിക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ധോണി ഇല്ലാതെയിറങ്ങിയ മത്സരത്തിലാകട്ടെ ചെന്നൈ 46 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.