രോഹിത്തിന് വെല്ലുവിളിയായി പുതിയ ഓപ്പണര്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക്. ഓപ്പണറായി കെഎല്‍ രാഹുലിന് പകരം രോഹിത്ത് ശര്‍മ്മയെ പരിഗണിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്ത് വന്നിരുന്നു.

എന്നാല്‍ രോഹിത്ത് ഓപ്പണിംഗ് സ്ഥാനത്തേയ്ക്ക് തിളങ്ങാതെ വന്നാല്‍ ഒരു പുതുമുഖ താരത്തെ പരീക്ഷിക്കാനും ടീം സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ബംഗാള്‍ ഓപ്പണറായ അഭിമന്യൂ ഈശ്വറിനെയാണ് സെലക്ടര്‍മാര്‍ രോഹിത്തിന് പകരക്കാരനായി കണ്ടെത്തിയിരിക്കുന്നതത്രേ.

ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ നീണ്ട ചര്‍ച്ച നടക്കും. വിലക്കിനെ തുടര്‍ന്ന് പൃഥ്വി ഷായ്ക്ക് കളിക്കാനാവാത്ത സാഹചര്യത്തിലാണ് അഭിമന്യുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാരുടെ തീരുമാനം.

വിന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച രഹാനയും, വിഹാരിയുമാണ് രോഹിത്തിന് തിരിച്ചടി നല്‍കിയത്. ഇതോടെയാണ് ഓപ്പണിങ്ങില്‍ തിളങ്ങാതെ നില്‍ക്കുന്ന രാഹുലിനെ മാറ്റി രോഹിത്തിനെ പരീക്ഷിക്കണം എന്ന ആവശ്യം ശക്തമായത്. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി അടക്കമുളളവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് പരസ്യമായി രംഗത്തെത്തി.

Read more

ഏകദിനത്തില്‍ ഓപ്പണറായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന രോഹിത്ത് ടെസ്റ്റില്‍ ഇതുവരെ ഓപ്പണറായി ഇറങ്ങിയിട്ടില്ല. ഇതാണ് സെലക്ടര്‍മാരെ ആശങ്കപ്പെടുത്തുന്ന ഘടകം. രോഹിത്ത് പരീക്ഷണം പരാജയപ്പെട്ടാലാണ് അഭിമന്യൂവിന് നറുക്ക് വീഴുക. അഭ്യന്തര ക്രിക്കറ്റിലും, ഇന്ത്യ എയ്ക്ക് വേണ്ടിയും മികവ് കാട്ടുന്ന താരമായ അഭിമന്യു.