മുംബൈയെ രക്ഷിക്കാന്‍ ഒടുവില്‍ അവനിറങ്ങുന്നു, വമ്പന്‍ സൂചന നല്‍കി ടീം

ഐപിഎല്‍ 15ാം സീസണില്‍ കളിച്ച അഞ്ച് കളിയും തോറ്റ് നട്ടംതിരിഞ്ഞ് നില്‍ക്കുകയാണ് മുംബൈ. അതിനാല്‍ തന്നെ ഇന്ന് ലഖ്‌നൗവിനെ നേരിടാനൊരുങ്ങുന്ന ടീമില്‍ വന്‍ അഴിച്ചുപണി തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തില്‍ സച്ചിന്‍ ടെണ്ടുക്കറിന്റെ മകന്‍ അര്‍ജുന്‍ മുംബൈയ്ക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെത്തന്നെയാണ് ഇതിന്റെ സൂചന നല്‍കിയത്. ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന അര്‍ജുന്റെ ചിത്രത്തോടൊപ്പം ‘ഞങ്ങളുടെ മനസിലുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്റെ അരങ്ങേറ്റ സൂചന മുംബൈ പങ്കുവെച്ചത്.

ഇടം കൈയന്‍ പേസറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ജയദേവ് ഉനദ്ഘട്ടിന് പകരം എത്തുമെന്നാണ് വിവരം. 2021ലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അര്‍ജുനെ ഇത്തവണയും മെഗാ ലേലത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷം രൂപക്കായിരുന്നു അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ജുനായിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നതോടൊപ്പം ബാറ്റ് ചെയ്യാനും അര്‍ജുന് മികവുണ്ട്. രണ്ട് ടി20യില്‍ നിന്ന് 67 റണ്‍സും മൂന്ന് വിക്കറ്റും അര്‍ജുന്‍ നേടിയിട്ടുണ്ട്.