ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളക്കുപ്പായ 'രഹസ്യം' ഇതാണ്

ക്രിക്കറ്റ് ചരിത്രത്തിനോളം തന്നെ പഴക്കമുള്ള ഒരു പരസ്യമായ രഹസ്യമാണ് എന്തുകൊണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കു മാത്രം വെള്ള ജെഴ്‌സി അണിയുന്നു എന്നുള്ളത്. ഇക്കാര്യത്തില്‍ രഹസ്യമൊന്നുമില്ലെന്ന് കറകളഞ്ഞ ടെസ്റ്റ് പ്രേമികള്‍ക്ക് അറിയാം. ടെസ്റ്റാണ് യതാര്‍ത്ഥ ക്രിക്കറ്റെന്നാണ് പറയപ്പെടുന്നതെങ്കിലും ഈ മത്സരങ്ങള്‍ക്കു ടീമുകള്‍ ഇറങ്ങുന്നത് വെള്ളക്കുപ്പായം ഇട്ടുകൊണ്ടാണ്. ക്രിക്കറ്റിന്റെ മറ്റു കുഞ്ഞന്‍ പതിപ്പുകള്‍ക്കെല്ലാം വര്‍ണങ്ങള്‍ വാരിവിതറിയ ജെഴ്‌സിയണിഞ്ഞാണ് ടീമുകള്‍ ഇറങ്ങാറുള്ളത്. എന്തുകൊണ്ടാണ് ടെസ്റ്റ് മത്സരങ്ങള്‍ക്കും ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ക്കും വെള്ള ജെഴ്‌സി മാത്രം താരങ്ങള്‍ അണിയുന്നത്?

എംസിസിയിലെ ഗവേഷണ ഉദ്യോഗ്സ്ഥനായ നെയ്ല്‍ റോബിന്‍സണ്‍ പറയുന്നതനുസരിച്ച് ടെസ്റ്റ് മത്സരത്തിന്റെ ആരംഭ ഘട്ടം മുതല്‍ വെള്ള ജെഴ്‌സിയാണ് താരങ്ങള്‍ അണിഞ്ഞിരുന്നത്. ക്രിക്കറ്റിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍ ഏറ്റവും ലഭ്യമായിരുന്നത് വെള്ള മെറ്റീരിയലുകളായിരുന്നു. അതുകൊണ്ട് തന്നെ അന്ന് മുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതാണിത്.

അഞ്ച് ദിവസം നീളുന്ന മത്സരമെന്ന പ്രത്യേകതയുള്ളതും വെള്ള ജെഴ്‌സി അണയിന്നതിന് കാരണമാണ്. ചൂടുകാലത്ത് നടക്കുന്ന മത്സരങ്ങളായതിനാല്‍ തന്നെ വെള്ള നിറമാണ് ഇതിന് ഏറ്റവും അനുയോജ്യമായതെന്നും വിലയിരുത്തലുകളുണ്ട്. 18ാം നൂറ്റാണ്ടില്‍ സമ്മര്‍ സ്‌പോര്‍ട്‌സ് ആയാണ് ക്രിക്കറ്റ് ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ ആ സമയത്ത് ഏറ്റവും ലഭ്യമായിരുന്ന വെള്ള വസ്ത്രങ്ങള്‍ തന്നെയാണ് ഇതിനും ഉപയോഗിച്ചിരുന്നതെന്നും റോബിന്‍സണ്‍ അടിവരയിടുന്നു.

19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പഫഷണല്‍ ക്ലബ്ബുകള്‍ രൂപീകൃതമാവാന്‍ ആരംഭിച്ചതിന്റെ കൂടെ വെള്ള ജെഴ്‌സിയും ടീമുകള്‍ സ്വീകരിക്കുകയായിരുന്നു.