അവരെ എന്തിന് ഒഴിവാക്കി, രണ്ടു പേരെയും ഉള്‍പ്പെടുത്തൂ.., ലോക കപ്പ് ടീമില്‍ മാറ്റം വേണമെന്ന് മദന്‍ലാല്‍

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ലെഗ് സ്പിന്നര്‍ യുസ് വേന്ദ്ര ചഹലിനെയും യുവ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയും ഉള്‍പ്പെടുത്താത്തതിനെ വിമര്‍ശിച്ച് മുന്‍ ഓള്‍ റൗണ്ടര്‍ മദന്‍ലാല്‍. ഇരു താരങ്ങള്‍ക്കും ടീമില്‍ ഇടം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക കപ്പ് ടീമില്‍ മാറ്റംവരുത്തുന്നതിന് ഐസിസി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും.

ചഹലിനെ ടീമിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ചഹല്‍ നന്നായി പന്തെറിയുന്നു. നമ്മുടെ ഏറ്റവും മികച്ച സ്പിന്നറാണ് അയാള്‍. നേരത്തെ തന്നെ ചഹല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഐപിഎല്ലിലും അതാവര്‍ത്തിക്കുന്നു. അതിനാല്‍ ചഹലിനെ തഴഞ്ഞത് ഞെട്ടിച്ചു- മദന്‍ലാല്‍ പറഞ്ഞു.

രണ്ടാമതായി പറയാനുള്ളത് ഹര്‍ഷല്‍ പട്ടേലിന്റെ കാര്യമാണ്. ഹര്‍ഷലിനും ലോക കപ്പ് ടീമില്‍ ഇടം നല്‍കണം. ടീമില്‍ ആരെ പകരം ഉള്‍പ്പെടുത്തണമെന്ന തീരുമാനം സെലക്ടര്‍മാരുടേതാണ്. ലോക കപ്പില്‍ ഇന്ത്യക്ക് ഗുണകരമാകുന്ന രീതിയിലെ സംതുലിതമായ ടീം തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ചഹലിനെയും ഹര്‍ഷലിനെയും ടീമില്‍ ഉള്‍ക്കൊള്ളി ക്കണമെന്നതാണ് തന്റെ അഭിപ്രായമെന്നും മദന്‍ലാല്‍ പറഞ്ഞു.

Read more