അയാളെ എന്തിന് ക്യാപ്റ്റനാക്കി, ക്രിക്കറ്റ് ബോര്‍ഡിനെ കടന്നാക്രമിച്ച് ഹ്യൂസ്

കളത്തിന് പുറത്ത് വിവാദങ്ങളില്‍പ്പെട്ട ടിം പെയ്‌നെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാക്കിയ ക്രിക്കറ്റ് ബോര്‍ഡിനെ കടന്നാക്രമിച്ച് മുന്‍ താരം കിം ഹ്യൂസ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിക്കുന്നതാണെന്ന് ഹ്യൂസ് പറഞ്ഞു. 2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന് സമ്മതിച്ച പെയ്ന്‍ ഓസീസ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് ഹ്യൂസിന്റെ പ്രതികരണം.

ക്രിക്കറ്റ് ഓസ്‌ട്രേലിയ അതിന്റെ മാന്യത കാത്തുസൂക്ഷിച്ചില്ല. അത് അപലപനീയമായ കാര്യമാണ്. രാജിവച്ചതിലൂടെ പെയ്ന്‍ ചെയ്യേണ്ടത് ചെയ്തു. എന്നാല്‍ പെയ്‌നിനെ നായകസ്ഥാനത്തു നിലനിര്‍ത്തിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി അംഗീകരിക്കാനാവില്ല- ഹ്യൂസ് പറഞ്ഞു.

ടീം പെയ്ന്‍ തെറ്റ് ചെയ്തതായി നിങ്ങള്‍ക്ക് മനസിലായി. എന്നിട്ടും അതു കണക്കിലെടുത്തില്ല. പെയ്‌നിനെ ക്യാപ്റ്റനാക്കി. ഇതുവരെ നിങ്ങള്‍ പാലിച്ച നിലവാരമാണ് അംഗീകരിക്കപ്പെട്ട നിലവാരം. ക്രിക്കറ്റിന്റെ മാന്യതയെ കളിയാക്കരുതെന്നും ഹ്യൂസ് പറഞ്ഞു.