നരെയ്നും റസ്സലുമൊക്കെ എന്തുകൊണ്ട് ടീമിലില്ല?; സംശയം നീക്കി വിന്‍ഡീസ് പരിശീലകന്‍

വിന്‍ഡീസ് ക്രിക്കറ്റിന്റെ കാര്യം ഏറെ കഷ്ടമാണ്. തുടര്‍ച്ചയായി പരമ്പരകള്‍ തോല്‍ക്കുന്നു. എന്നിട്ടും സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ തുടങ്ങി അവരുടെ പ്രമുഖ താരങ്ങളില്‍ പലരും ടീമില്‍നിന്ന് പുറത്തുനില്‍ക്കുന്നത് അത്ഭുതത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ നോക്കി കാണുന്നത്. ഇപ്പോഴിതാ അക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വിന്‍ഡീസ് മുഖ്യ പരിശീലകന്‍ ഫിലി സിമ്മണ്‍സ്.

‘ഇത് ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? ചില താരങ്ങള്‍ വിന്‍ഡീസിന് വേണ്ടി കളിക്കുവാന്‍ തയ്യാറല്ല. ഈ താരങ്ങളോട് രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ ഞാന്‍ ഒരിക്കലും യാചിക്കുകയില്ല. അവര്‍ക്ക് ആ ആഗ്രഹം ഉണ്ടെങ്കില്‍ അവരാണ് മുന്നോട്ട് വരേണ്ടത്.’

‘ജീവിതം മാറി, സാഹചര്യങ്ങള്‍ മാറി. താരങ്ങള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പോകാനുള്ള അവസരങ്ങളുണ്ട്. അവര്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ പ്രാധാന്യത്തോടെ അതിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് അങ്ങനെയാണ്’ സിമ്മണ്‍സ് പറഞ്ഞു.

ആന്ദ്രെ റസ്സല്‍ സെലക്ഷനില്‍ എത്തിയിട്ടില്ല. സുനില്‍ നരെയ്ന്റെ ലഭ്യതയുടെ സ്ഥിതി അല്‍പ്പം ദുരൂഹമാണ്. എവിന്‍ ലൂയിസും ഒഷെയ്ന്‍ തോമസും ഫിറ്റ്‌നസ് ടെസ്റ്റിന് ഹാജരായിട്ടില്ല. ഷെല്‍ഡന്‍ കോട്രെലും റോസ്റ്റണ്‍ ചേസും പരിക്കുകളോടെ പുറത്തായപ്പോള്‍ ഫാബിയന്‍ അലന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറി.

ഇക്കാരങ്ങളാല്‍ ടി20 ലോക കപ്പിന് ഏകദേശം രണ്ട് മാസം മാത്രം ശേഷിക്കെ, വെസ്റ്റിന്‍ഡീസ് അവരുടെ ഏറ്റവും മികച്ച ടീമിനെ കണ്ടെത്തുന്നതില്‍ നിന്ന് വളരെ അകലെയാണ്. കൂടാതെ അടുത്തിടെ സ്വന്തം തട്ടകത്തില്‍ ഇന്ത്യയോട് 4-1 ന് അവര്‍ തോല്‍ക്കുകയും ചെയ്തിരുന്നു.