'ഇനി അവനെ ആര്‍ക്ക് തടയാനാകും?', ലോക കപ്പ് ടീമിലേക്ക് ആദ്യ താരത്തെ തിരഞ്ഞെടുത്ത് സെലക്ടര്‍

ഇന്ത്യയ്ക്ക് ഇനിയങ്ങോട്ട് തിരക്ക് പിടിച്ച നാളുകളാണ്. പ്രധാന ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ സെലക്ടര്‍മാരും ഏറെ സമ്മര്‍ദ്ദത്തിലാണ്. മികച്ച താരങ്ങള്‍ ആവശ്യത്തിന് ഉണ്ടെന്നിരിക്കെ അതില്‍ നിന്ന് മികച്ച ടീമിനെ ഇറക്കുക എന്നതിലാണ് വിജയമിരിക്കുന്നത്. ഇതിനായി വലിയ ചര്‍ച്ചകളിലാണ് സെലക്ടര്‍മാര്‍.

ഏഷ്യാകപ്പും അതിന് പിന്നാലെ വരുന്ന ഐസിസി ടി20 ലോക കപ്പുമാണ് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റുകള്‍. ഇതിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അവസരം തേടി നിരവധി താരങ്ങളാണ് പുറത്തുനില്‍ക്കുന്നത്. മൂന്ന് നാല് പ്രമുഖ താരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മറ്റാരും ഈ സ്‌ക്വാഡിലേക്ക് സ്ഥാനമുറപ്പിച്ചിട്ടില്ല. എന്നാല്‍ സീനിയര്‍ താരം ദിനേശ് കാര്‍ത്തിക് ആ അതിര്‍വരമ്പ് കടന്ന് സുരക്ഷതിനായിരിക്കുകയാണ്.

കാര്‍ത്തിക് ലോക കപ്പ് സ്‌ക്വാഡില്‍ ഉണ്ടായിരിക്കുമെന്ന് ഒരു സെലക്ടര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്. ‘ഇനി ദിനേഷ് കാര്‍ത്തിക്കിനെ ആര്‍ക്ക് തടയാനാകും? ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പിന് അദ്ദേഹം ടീമില്‍ ഇപ്പോള്‍ ഉറപ്പാണ്. അവന്‍ തന്റെ സമീപനത്തില്‍ സ്ഥിരത പുലര്‍ത്തുന്നു. അദ്ദേഹത്തിന്റെ അനുഭവപരിചയം ടീമിന് ഒരു വലിയ മുതല്‍ക്കൂട്ടാകും’ ഒരു ബിസിസിഐ സെലക്ടര്‍ പറഞ്ഞു.

വിന്‍ഡീസിനെതിരായി നടന്നു കൊണ്ടിരിക്കുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ പാടുപെട്ടപ്പോള്‍, കാര്‍ത്തിക് 19 പന്തില്‍ 41 റണ്‍സ് നേടി ഇന്ത്യയെ 190-ല്‍ എത്തിച്ചിരുന്നു. ഇത് സെലക്ടര്‍മാരിലും ആരാധകരിലും താരത്തെ കുറിച്ചുള്ള പ്രതീക്ഷ ഇരട്ടിപ്പിച്ചിരിക്കുകയാണ്.