ബാബർ എവിടെ നിൽക്കുന്നു കോഹ്ലി എവിടെ നിൽക്കുന്നു, രണ്ട് പേർക്കും തമ്മിൽ ഒരു സാമ്യതയും ഇല്ലെന്ന് ഹൈഡൻ

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെയും തമ്മില്‍ ഒരുതരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് പാക് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് മാത്യു ഹെയ്ഡന്‍. രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരാണെന്നും കോഹ്‌ലിഎങ്ങനെയാണോ അതിനു നേര്‍ വിപരീതമാണ് ബാബറെന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

‘ബാബറും അദ്ദേഹത്തിന്റെ വ്യക്തിത്വവുമെല്ലാം നിങ്ങള്‍ ഗ്രൗണ്ടില്‍ കാണുന്നതു പോലെ തന്നെയാണ്. വളരെ സ്ഥിരത പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അമിതമായി വികാരങ്ങള്‍ പുറത്തു പ്രകടിപ്പിക്കുന്നയാളല്ല. വളരെ നിയന്ത്രിതമായാണ് ബാബര്‍ എല്ലാത്തിനോടും പ്രതികരിക്കാറുള്ളത്. ആശ്ചര്യപ്പെടുത്തുന്ന ക്ഷമയും അദ്ദേഹത്തിനുണ്ട്. എന്നാല്‍ വിരാട് കോഹ്‌ലി അങ്ങനെയല്ല. വികാരങ്ങള്‍ അദ്ദേഹം കൂടുതലായി പുറത്തു കാണിക്കും, കൂടാതെ വികാരധീനനും മൈതാനത്ത് ബഹളമുണ്ടാക്കുകയും ചെയ്യുന്നയാളുമാണ്.’

‘പ്രതിഭയെ കുറിച്ച് പറയുകയാണെങ്കില്‍ ബാറ്റ് ചെയ്യുമ്പോള്‍ പ്രതികരിക്കുന്ന കാര്യത്തില്‍ ബാബര്‍ ഞാന്‍ കണ്ടതില്‍ ആര്‍ക്കും പിറകിലല്ല. നമുക്ക് ചുറ്റും കാണുന്ന ശരാശരി ക്രിക്കറ്ററേക്കാള്‍ വേഗത്തില്‍ ബോളിന്റെ ലൈനും ലെംഗ്ത്തും മനസ്സിലാക്കാന്‍ അദ്ദേഹത്തിനു കഴിയും. വളരെ മികച്ച കളിക്കാരന്റെ അടയാളമാണ് അത്’ ഹെയ്ഡന്‍ പറഞ്ഞു.