കേരള ടീമിലും ഇടം ലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു; വെളിപ്പെടുത്തി ശ്രീശാന്ത്

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം ലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. രഞ്ജി ട്രോഫി സാദ്ധ്യത ടീമില്‍ ഇടം പിടിച്ചതിന് പിന്നാലെ ടൂര്‍ണമെന്റിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് സംസാരിക്കവേയാണ് ശ്രീശാന്ത് ഇക്കാര്യം തുറന്നുപറഞ്ഞത്.

‘വ്യക്തിപരമായി ഞാന്‍ വളരെ ഏറെ പ്രതീക്ഷയിലാണ് ഉള്ളത്. ടീമിലിടം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. 39ാം വയസിലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനായി ഈ പ്രായത്തിലും മികച്ച പ്രകടനം നടത്തുന്നുണ്ട്. ഈ 38ാം വയസില്‍ അതെനിക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന കാര്യമാണ്.’

‘ഐപിഎല്ലില്‍ മെഗാ ലേലം വരാന്‍ പോകുന്നതിനാല്‍ പ്രതീക്ഷയുണ്ട്. പുതിയ രണ്ട് ടീമുകള്‍ കൂടി വന്നതിനാല്‍ ചാന്‍സ് ഉണ്ട്. ഗൗതം ഗംഭീറൊക്ക ടീമിന്റെ ഭാഗമായിട്ടുണ്ട്. നല്ല പ്രതീക്ഷയുണ്ട്. പ്രായം വെറും നമ്പര്‍ മാത്രമാണ്. പ്രകടനമാണ് പ്രധാനം.’

‘വിജയ ഹസാരെയില്‍ ഇടം ലഭിക്കാതെ വന്നപ്പോള്‍ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നു. കാരണം നല്ല സിനിമകള്‍ വരുന്നുണ്ട്, ഷൂട്ടിംഗുകള്‍ ഉണ്ട്, അതിനാല്‍ ഒരു ചെറിയ വിഷമമുണ്ടായിരുന്നു. എന്നാലിപ്പോള്‍ രഞ്ജിയില്‍ ഇടംലഭിച്ചപ്പോള്‍ ശുഭപ്രതീക്ഷ കൂടി.’

Read more

‘കേരളം ഇപ്പോള്‍ മികച്ചൊരു ടീമാണ്. വിജയ് ഹസാരെയിലും മറ്റും നമ്മള്‍ അത് കണ്ടതാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ മികച്ച പ്രകടനം, റെഡ് ബോള്‍ ക്രിക്കറ്റിലും തുടരാനുള്ള കഠിന പരിശ്രമത്തിലാണ് ടീം’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.