'ഇതില്‍ ഇത്ര അത്ഭുതപ്പെടാന്‍ ഒന്നുമില്ല'; ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഞെട്ടിച്ച് ക്ലര്‍ക്ക്

2018 ലെ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ബാന്‍ക്രോഫ്റ്റ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് മുന്‍ ഓസിസ് നായകന്‍ മൈക്കല്‍ ക്ലര്‍ക്ക്. കൂടുതല്‍ പേര്‍ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നു എന്നത് വ്യക്തമാണെന്ന് ക്ലര്‍ക്ക് പറഞ്ഞു.

“ഇതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? മൂന്ന് പേരില്‍ കൂടുതല്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നെന്നതോ? ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്കോ ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ അറിയുന്നവര്‍ക്കോ ബോള്‍ ഈ ഗെയിമില്‍ എത്രമാത്രം സുപ്രധാനമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് മൂന്ന് പേരില്‍ കൂടുതല്‍ ഇതേക്കുറിച്ച് അറിഞ്ഞിരുന്നു എന്നതില്‍ ആരും അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ല” ക്ലര്‍ക്ക് പറഞ്ഞു.

പന്ത് ചുരണ്ടലിനെക്കുറിച്ച് ഓസീസ് ബോളര്‍മാരുള്‍പ്പെടെ പലര്‍ക്കും അന്നു അറിയാമായിരുന്നുവെന്നാണ് ബാന്‍ക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തല്‍. പക്ഷെ ആരുടെയും പേര് പരാമര്‍ശിക്കാന്‍ താരം തയ്യാറായില്ല. വെളിപ്പെടുത്തലില്‍ കൂടുതല്‍ വിശദീകരണം ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിട്ടുണ്ട്.

മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, മിച്ചെല്‍ മാര്‍ഷ് എന്നിവരായിരുന്നു അന്നു ഓസീസ് ടീമിലെ ബോളര്‍മാര്‍. സംഭവത്തില്‍ അന്നു ടീമിന്റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.