അവര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റ്, വാക്കുകള്‍ കടുപ്പിച്ച് അഫ്രീദി

പാക്കിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറിയ ന്യൂസിലന്‍ഡിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. കിവികള്‍ ചെയ്തത് മാപ്പ് അര്‍ഹിക്കാത്ത തെറ്റാണെന്ന് അഫ്രീദി തുറന്നടിച്ചു. സുരക്ഷാ ഭീഷണിയുണ്ടായിട്ടും പാക് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയ കാര്യവും അഫ്രീദി ഓര്‍മ്മിപ്പിച്ചു.

ക്രിക്കറ്റ് പര്യടനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ തോതിലെ പരിശോധനകള്‍ നടക്കുമെന്നത് നമുക്ക് അറിയാം. പര്യടനത്തിന് വരുന്ന രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണങ്ങള്‍ നടത്താറുണ്ട്. സുരക്ഷയടക്കമുള്ള എല്ലാ കാര്യങ്ങളിലും പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് പരമ്പരയ്ക്ക് അനുമതി നല്‍കുന്നത്- അഫ്രീദി പറഞ്ഞു.

ന്യൂസിലന്‍ഡ് താരങ്ങളെ പാകിസ്ഥാന്‍ ഏറെ സ്‌നേഹിക്കുന്നു. അവരെപ്പോലയുള്ളവര്‍ ഇങ്ങനെ ചെയ്യുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണ്. സുരക്ഷാ ഭീഷണിയുണ്ടായിരുന്നെങ്കില്‍ അക്കാര്യം ന്യൂസിലന്‍ഡ് പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കണമായിരുന്നു. പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതുവരെ കാത്തിരിക്കണമായിരുന്നു.

ക്രിക്കറ്റിലൂടെ രാജ്യങ്ങള്‍ തമ്മിലെ ബന്ധം മെച്ചപ്പെടുത്താന്‍ കഴിയണം. മുന്‍പ് ഇന്ത്യയിലെ സ്ഥിതിഗതികള്‍ മോശമായിരുന്നു. പാക് ടീമിനുനേരെ ഭീഷണിയുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യയിലേക്ക് പോകാന്‍ പിസിബി കളിക്കാരോട് ആവശ്യപ്പെട്ടു. അങ്ങനെ നമ്മള്‍ ഇന്ത്യാ പര്യടനം നടത്തി. കോവിഡ് കാലത്ത് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് തടസമില്ലാതെ മുന്നോട്ടുപോയി. വ്യാജ ഇ-മെയിലുകളെ വിശ്വസിച്ച് പര്യടനങ്ങള്‍ ഉപേക്ഷിച്ചാല്‍ വിധ്വംസക ശക്തികള്‍ക്ക് വളംവെയ്ക്കുന്നുവെന്നേ പറയാന്‍ സാധിക്കൂ. അതു ശരിയായ വഴിയല്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.