'എന്തൊരു മണ്ടത്തരമാണ് അഗാർക്കറെ നിങ്ങൾ കാണിച്ചത്, സഞ്ജുവിന് പകരമാകുമോ ആ താരം': മുഹമ്മദ് കൈഫ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിലക്ക്ഷനെതിരെ വൻ വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ടീം സിലക്ഷനെതിരെയും ടീം മാനേജ്മെന്റിന്റെ മോശം തീരുമാനങ്ങളെയും ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഏകദിനത്തിൽ ധ്രുവ് ജുറലിന് പകരം സഞ്ജു സാംസണെ തിരഞ്ഞെടുക്കണമായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ:

‘വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ധ്രുവ് ജുറേല്‍. വളരെ അച്ചടക്കത്തോടെ ബാറ്റുവീശിയ ജുറേല്‍ മികച്ച താരം തന്നെയാണ്. തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി തന്നെയാണ്. എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യും. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമില്‍ സഞ്ജു സാംസണെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണ്. കാരണം അഞ്ചോ ആറോ പൊസിഷനില്‍ ലോവര്‍ ഓര്‍ഡറിലാണ് സഞ്ജു പൊതുവെ കളിക്കാറുള്ളത്. ആ പൊസിഷനില്‍ ജുറേലിനേക്കാള്‍ മികച്ച ഓപ്ഷന്‍ സഞ്ജുവാണെന്നതില്‍ തര്‍ക്കമില്ല’

‘ഓസീസ് സ്പിന്നര്‍മാര്‍ക്കെതിരെ സിക്‌സറടിക്കാന്‍ കഴിവുള്ള താരങ്ങളെയാണ് ടീമിന് വേണ്ടത്. ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിന്റെ കരുത്ത് നമ്മള്‍ കണ്ടതാണ്. ഓസ്‌ട്രേലിയയില്‍ ആദം സാംപ പോലുള്ള ബോളര്‍മാരെ സിക്‌സര്‍ പറത്താന്‍ സഞ്ജുവിന് സാധിക്കും. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ചിട്ടുള്ള ആദ്യത്തെ പത്ത് താരങ്ങളില്‍ സഞ്ജുവിന്റെ പേരുമുണ്ടാകും. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ അഞ്ചും ആറും നമ്പറുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കും’, കൈഫ് കൂട്ടിച്ചേര്‍ത്തു.