ഇത് എന്തോന്ന് ഇന്ത്യയെ പുകഴ്ത്തുന്ന സീസണോ, പാകിസ്ഥാൻ ബോർഡിന് എതിരെ കൂടുതൽ താരങ്ങൾ

യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് പാക് മുന്‍ സ്പിന്നര്‍ അബ്ദുര്‍ റഹമാന്‍. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും വന്‍ ശക്തികളിലൊന്ന് ഇന്ത്യയാണെന്നും വളരെ മികച്ച താരനിരയെ വളര്‍ത്തിയെടുത്തതിലൂടെയാണ് ഇന്ത്യ അത് സാദ്ധ്യമാക്കിയതെന്നും അബ്ദുര്‍ റഹമാന്‍ പറഞ്ഞു.

“ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനം പാകിസ്ഥാനെക്കാള്‍ വളരെ മികച്ചതാണ്. അവരുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ വളരെ ഉയരത്തിലാണ്. യുവതാരങ്ങളോടുള്ള അവരുടെ മനോഭാവം മികച്ചതാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലവും വളരെ കൂടുതലാണ്. എന്നാല്‍ പാകിസ്ഥാനിലെ ആഭ്യന്തര താരങ്ങള്‍ക്ക് ഈ പരിഗണനയൊന്നും കിട്ടുന്നില്ല.”

“പാകിസ്ഥാന്റെ ആഭ്യന്തര മത്സരങ്ങളുടെ ഘടന മാറണമെന്നാണ് കരുതുന്നത്. പി.സി.ബി താരങ്ങളെ തിരഞ്ഞെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെയാണ് പരിഗണിക്കുന്നത്. വിവിധ അക്കാദമികളിയിലായി പരിശീലനം നടത്തിയ താരങ്ങളുടെ അവസ്ഥ എന്താണ്? അവര്‍ എവിടെയാണ്?” അബ്ദുര്‍ റഹ്മാന്‍ ചോദിക്കുന്നു.

Read more

അടുത്തകാലത്തായി പി.സി.ബിയുടെ രീതികള്‍ക്കെതിരെ പ്രതിഷേധവുമായി പല പാക് താരങ്ങളും രംഗത്ത് വരുന്നുണ്ട്. പാകിസ്ഥാനു വേണ്ടി 22 ടെസ്റ്റും 31 ഏകദിനവും 8 ടി20യും കളിച്ചിട്ടുള്ള താരമാണ് അബ്ദുര്‍ റഹമാന്‍. ടെസ്റ്റില്‍ 99 വിക്കറ്റും ഏകദിനത്തില്‍ 30 വിക്കറ്റും 8 ടി20യില്‍ 11 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.