ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് തിരിച്ചടിയായി മഴ എത്തുമോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

ആന്റിഗ്വ: ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമയി വെസ്റ്റിന്‍ഡീസിനെ നേരിടാനുളള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര രാത്രി ഏഴു മണിക്ക് ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്.

അതെസമയം കാലാവസ്ഥ പ്രവചനം ഏകദിന, ടി20 പരമ്പരകളില്‍ നിന്നും വ്യത്യസ്തമായി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ആദ്യദിനം മഴ കളി തടസ്സപ്പെടുത്താന്‍ വരില്ലെന്നാണ് കാലാവസ്ഥാ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ദിവസത്തിലെ ഭൂരിഭാഗം സമയവും തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും. വിന്‍ഡീസ് സമയം രാവിലെ ഒമ്പതു മണിക്കു മഴ പെയ്യാന്‍ 40 ശതമാനം മാത്രം സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. എന്നാല്‍ പിന്നീട് മാനം തെളിയുമെന്നും അവര്‍ അറിയിച്ചു.

നേരത്തേ നടന്ന ഇന്ത്യ- വിന്‍ഡീസ് ഏകദിന, ടി20 പരമ്പരയില്‍ ഒന്നിലേറെ തവണ മഴ കളിയുടെ രസം കെടുത്തിയിരുന്നു. ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടും മൂന്നു മത്സരങ്ങളില്‍ മഴ കളി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഈ രണ്ടു മത്സരങ്ങളിലും മഴ നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ വിജയം. ടി20 പരമ്പരയിലെ രണ്ടാമത്തെ കളിയിലും മഴ നിയമപ്രകാരമായിരുന്നു ഇന്ത്യന്‍ വിജയം.

രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പത് ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ടുവര്‍ഷത്തിനിടെ 27 പരമ്പരകളിലായി ആകെ 71 ടെസ്റ്റുകള്‍. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ 2021 ജൂണിലെ ഫൈനലില്‍ എറ്റുമുട്ടും.