സെഞ്ച്വറിയുമായി പൂജാര, തകര്‍പ്പന്‍ പ്രകടനവുമായി രോഹിത്ത്

ആന്റ്വിഗ: വെസ്റ്റിന്‍ഡീസ് എയ്‌ക്കെതിരെ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റിന് 297 റണ്‍സ് നേടി ഇന്ത്യ വിന്‍ഡീസിനെ 181 റണ്‍സിന് പുറത്താക്കിയിരുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് 84 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഒരു ദിവസവും ഒന്‍പത് വിക്കറ്റും അവശേഷിക്കെ ഇന്ത്യ വിന്‍ഡീസിനേക്കാള്‍ 200 റണ്‍സ് മുന്നിലാണ്.

അദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ചേതേശ്വര്‍ പൂജാര സെഞ്ച്വറി നേടി. 187 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് പൂജാരയുടെ സെഞ്ച്വറി. അഞ്ചാമനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 68 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് തെളിയിച്ചു. 115 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിത്തിന്റെ ഇ്ന്നിംഗ്‌സ്.

സെഞ്ച്വറി നേടിയതിന് പിന്നാലെ പൂജാര റിട്ടയേഡ് ഹര്‍ട്ട് ആയപ്പോള്‍ രോഹിതിനെ അക്കിം ഫ്രെസര്‍ പുറത്താക്കി. കെ എല്‍ രാഹുല്‍ 36- ഉം മായങ്ക് അഗര്‍വാള്‍ 12- ഉം അജിന്‍ക്യ രഹാനെ ഒരു റണ്ണുമെടുത്ത് പുറത്തായി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മ, ഉമേശ് യാദവ്, കുല്‍ദീപ് യാദവ് എന്നിവരാണ് വിന്‍ഡീസിനെ 181 റണ്‍സിന് പുറത്താക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 20 റണ്‍സുമായി രഹാനയും 48 റണ്‍സുമായി വിഹാരിയും ആണ് ഇന്ത്യന്‍ നിരയില്‍ ക്രീസില്‍.

ടെസ്റ്റ് മത്സരത്തിന് ഉപയോഗിക്കുന്ന പുതിയ ജേഴ്‌സിയുമായാണ് ഇന്ത്യ കളിച്ചത്. കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രഹനയാണ് ടീമിനെ നയിക്കുന്നത്.