'ജയത്തിന്റെ എല്ലാ ക്രെഡിറ്റും ഞാന്‍ അവര്‍ക്ക് നല്‍കുന്നു'; വാചാലനായി സഞ്ജു

ഐപിഎല്ലില്‍ ഇന്നലെ നടന്ന നിര്‍ണായക പോരാട്ടത്തില്‍ കെഎല്‍ രാഹുലിനെയും സംഘത്തെയും വീഴ്ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫിനോട് അടുത്തിരിക്കുകയാണ്. ടീമിന്റെ അച്ചടക്കത്തോടെയുള്ള ഓള്‍റൗണ്ട് പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. അതിനാല്‍ തന്നെ ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ ടീമംഗങ്ങള്‍ക്കും നല്‍കിയിരിക്കുകയാണ് സഞ്ജു.

‘കളി ജയിച്ചതുക്കൊണ്ട് തന്നെ ഇന്ന് ഞാനെടുത്ത തീരുമാനങ്ങളെല്ലാം ഇപ്പോള്‍ ശരിയായി തോന്നുന്നു. എല്ലാ കളികളിലും വ്യത്യസ്തത ചിന്തിക്കാറുണ്ട്. എന്നാല്‍ കളി തോല്‍ക്കുമ്പോള്‍ അവ മോശമായി കാണപ്പെടും. ഈ മത്സരത്തില്‍ ഞാന്‍ മൂന്നാമത് ഇറങ്ങി, നന്നായി കളിച്ചു. എന്നാല്‍, കഴിഞ്ഞ കളിയില്‍ അശ്വിനും അതേ പൊസിഷനില്‍ മികച്ച ബാറ്റിംഗ് കാഴ്ച്ചവെച്ചിരുന്നു.’

‘ജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഞാന്‍ എന്റെ ടീമംഗകള്‍ക്ക് നല്‍കുന്നു. എല്ലാവരും അവരുടെ മികച്ചത് സംഭാവന ചെയ്തു. ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്, ഞങ്ങള്‍ നല്ല ടോട്ടല്‍ കണ്ടെത്തി അത് പ്രതിരോധിച്ചു. ഞങ്ങള്‍ക്ക് ഗുണമേന്മയുള്ള സ്പിന്നര്‍മാര്‍ ഉള്ളത് ഞങ്ങളുടെ ബോണസ് ആണ്. നമുക്ക് അവരെ ഇന്നിംഗ്‌സിന്റെ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം. ജിമ്മി നീഷാം ഫീല്‍ഡില്‍ നല്ല പ്രകടനം പുറത്തെടുത്തു’ സഞ്ജു പറഞ്ഞു.

24 റണ്‍സിന്റെ വിജയമാണ് ലഖ്നൗവിനെതിരേ റോയല്‍സ് ആഘോഷിച്ചത്. 179 റണ്‍സെന്ന ടോട്ടലിലേക്കു ബാറ്റ് വീശിയ ലഖ്നൗവിനു എട്ടു വിക്കറ്റിനു 154 റണ്‍സാണ് നേടാനായത്. ജയത്തോടെ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറി.