പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കും, നിലപാട് വ്യക്തമാക്കി ചീഫ് സെലക്ടര്‍

Advertisement

മുംബൈ: ഇന്ത്യന്‍ ടീമില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന് സ്ഥാനം തുലാസ്സിലായ റിഷഭ് പന്ത് പുറത്തേയ്‌ക്കെന്ന് സൂചന നല്‍കി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്. പന്തിനെ തന്നെയാണ് പ്രധാന വിക്കറ്റ് കീപ്പറായി ഇപ്പോഴും പരിഗണിക്കുന്നത് എന്ന് പറയുന്ന പ്രസാദ് അടുത്ത ഘട്ടത്തില്‍ മലയാളി താരം സഞ്ജു ഉള്‍പ്പെടെയുളള യുവതാരങ്ങളെ ടീമിലെത്തിക്കുമെന്ന് വ്യക്തമാക്കി.

ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ പേര് പ്രസാദ് എടുത്ത് പറഞ്ഞത്. പന്തിന്റെ ജോലിഭാരം കുറയ്ക്കാനും പകരക്കാരെ വളര്‍ത്തിയെടുക്കാനും മുന്‍ഗണന നല്‍കുന്നതായും പ്രസാദ് കൂട്ടിചേര്‍ത്തു.

‘ഋഷഭ് പന്തിന്റെ ജോലിഭാരത്തെ കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് വ്യക്തമായ ധാരണയുണ്ട്. എല്ലാ ഫോര്‍മാറ്റിലും പന്തിന് പകരക്കാരെ വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കെ.എസ്. ഭരതുണ്ട്. പരിമിത ഓവര്‍ മല്‍സരങ്ങളിലാണെങ്കില്‍ ഇഷാന്‍ കിഷനും സഞ്ജു സാംസണും തുടര്‍ച്ചയായി മികവു കാട്ടുന്നുണ്ട്’ പ്രസാദ് ചൂണ്ടിക്കാട്ടി.

‘ലോക കപ്പിനു ശേഷം ഋഷഭ് പന്തിന്റെ വളര്‍ച്ച സെലക്ഷന്‍ കമ്മിറ്റി നിരന്തരം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ഞാന്‍ മുമ്പേ പറഞ്ഞതുമാണ്. യുവതാരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭയും കഴിവും പരിഗണിച്ച് കുറച്ചുകൂടി സമയം അനുവദിക്കുകയാണ് വേണ്ടത്’ പ്രസാദ് പറഞ്ഞു.

പ്രസാദിനെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം ഗവാസ്‌കറും രംഗത്തെത്തി. പന്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നു പറഞ്ഞ ഗാവസ്‌കര്‍, പന്തിന് പ്രതീക്ഷ കാക്കാനാകുന്നില്ലെങ്കില്‍ സഞ്ജുവിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.