വത്സന്‍ ഗോവിന്ദ് കൂടി; കേരളത്തിന്റെ ഇന്നിംഗ്‌സിലെ മൂന്നാം സെഞ്ച്വറി ; യുവതാരത്തിനെ പ്രോത്സാഹിപ്പിച്ചും കൂട്ടുനിന്നും ശ്രീശാന്ത്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മേഘാലയയ്ക്ക് എതിരേ പടുകൂറ്റന്‍ ലീഡിലേക്ക് ഉയര്‍ത്തി കേരളത്തിന്റെ മൂന്നാമത്തെ താരവും സെഞ്ച്വറി നേടിയപ്പോള്‍ യുവതാരത്തിന് പ്രോത്സാഹനവുമായി വാലറ്റത്ത് കൂട്ടു നിന്നത് ടീമിലെ സീനിയര്‍ പ്‌ളേയറായ ശ്രീശാന്ത്. പൊന്നന്‍ രാഹുലിനും രോഹന്‍ കുന്നുമ്മേലിനും പിന്നാലെ വത്സന്‍ ഗോവിന്ദ് കൂടി സെഞ്ച്വറി നേടി.

193 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്നിംഗ്‌സ്. ഇന്നലെ സെഞ്ച്വറിയ്ക്ക് അടുത്തുവെച്ച് സ്റ്റമ്പ് എടുക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഇന്നിംഗ്‌സ് പുനരാരംഭിച്ചപ്പോള്‍ വത്സന്‍ സെഞ്ച്വറി നേടി. വത്സനെ സെഞ്ച്വറിയിലേക്ക് നീങ്ങുമ്പോള്‍ കൂട്ടായി പ്രോത്സാഹനവുമായി നിന്നത് ശ്രീശാന്തായിരുന്നു. പുറത്താകാതെ പ്രതിരോധിച്ചു നിന്ന ശ്രീ 43 പന്തുകള്‍ നേരിട്ട് 19 റണ്‍സ് നേടി. രണ്ടു ബൗണ്ടറിയും ഒരു സിക്‌സറും ശ്രീ നേടി.

ഇതിനിടയില്‍ വത്സന്‍ ഗോവിന്ദ് സെഞ്ച്വറിയും തീര്‍ത്തു.  സെഞ്ച്വറി പൂര്‍ത്തിയാകുന്നതിനിടയില്‍ വിഷ്ണുവിനോദ്, സിജോമോന്‍ ജോസഫ്, ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, ബേസില്‍ തമ്പി എന്നിവരുടെ വിക്കറ്റും വീണിരുന്നു. ഒടുവില്‍ വത്സന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷം ബോറയുടെ പന്തില്‍ ശ്രീശാന്ത് സാംഗ്മയുടെ കൈയിലെത്തുകയായിരുന്നു.

ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 505 എന്ന സ്‌കോറില്‍ കേരളം ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. 357 റണ്‍സിന്റെ ലീഡാണ് കേരളം എടുത്തിരിക്കുന്നത്. മേഘാലയ രണ്ടാം ഇന്നിംഗ്‌സിലും തകര്‍ച്ച നേരിടുകയാണ്. 48 റണ്‍സ് എടുത്ത ചിരാഗ് ഖുരാനയ്ക്ക് മാത്രമാണ് കേരള ബോളിംഗിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. 7 റണ്‍സ് എടുത്ത ലാറി സാംഗ്മയാണ് ഖുരാനയ്ക്ക് കൂട്ട്. ഉച്ചസമയത്ത് നാലു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എടുത്തിട്ടുണ്ട്.