ഇത് ധോണിയുടെ അവസാന സീസണ്‍, നിര്‍ണായക സൂചന വ്യാഖ്യാനിച്ച് വാട്‌സണ്‍

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് ചെന്നൈ നായകന്‍ എംഎസ് ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് ഓസീസ് മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. രവീന്ദ്ര ജഡേജയില്‍ നിന്നും വീണ്ടും സിഎസ്‌കെയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ധോണി പറഞ്ഞ വാക്കുകള്‍ വ്യാഖ്യാനിച്ചാണ് വാട്‌സന്റെ ഈ വിലയിരുത്തല്‍.

വ്യത്യസ്തമായ മഞ്ഞ ജഴ്സിയിലായിരിക്കും തന്നെ അടുത്ത സീസണില്‍ കണ്ടേക്കുകയെന്നും, നിങ്ങള്‍ അതു കാത്തിരുന്നു തന്നെ കാണണമെന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസണിനോടു ടോസിനു മുമ്പ് ധോണി പറഞ്ഞത്. ഇതിനെയാണ് വാട്‌സണ്‍ വിരമിക്കല്‍ സൂചനയായി വ്യാഖ്യാനിച്ചിരിക്കുന്നത്.

‘വ്യത്യസ്തമായ മഞ്ഞ ജഴ്സിയെന്നു എംഎസ് ധോണി പറഞ്ഞതിനു പിന്നില്‍ അദ്ദേഹം പ്ലെയിംഗ് ഷര്‍ട്ടിനേക്കാള്‍ കോച്ചിംഗ് ഷര്‍ട്ടിനെക്കുറിച്ചായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. ഇനി വിരമിച്ചു കഴിഞ്ഞാലും സിഎസ്‌കെയിയില്‍ തന്നെ ഏതെങ്കിലും റോളില്‍ അദ്ദേഹമുണ്ടാവും. പക്ഷെ ധോണി വ്യത്യസ്തമായി മറ്റെന്തെങ്കിലുമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അതു എന്നെ ഞെട്ടിക്കും.’

‘ധോണി എല്ലാ അര്‍ഥത്തിലും ഒരു സിഎസ്‌കെക്കാരനാണ്. ഞാന്‍ ഒരുപാട് തവണ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ഒരുപാട് ചാറ്റുകളും ഞങ്ങള്‍ നടത്തിയിരുന്നു. അതില്‍ നിന്നൊക്കെ എനിക്കു മനസ്സിലായ കാര്യമാണ്. ധോണിയുടെ ചിന്തയില്‍ സിഎസ്‌കെ മാത്രമേയുള്ളൂ’ വാട്‌സണ്‍ പറഞ്ഞു.