'രാവിലെ വരെ ഏറെ അസ്വസ്ഥനായിരുന്നു, തലചുറ്റലും ഉണ്ടായിരുന്നു'; സെഞ്ച്വറി നേട്ടത്തിന് പിന്നാലെ സ്മിത്തിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മിന്നും ഫോമിലാണ് ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. ഐ.പി.എല്ലില്‍ നിറം മങ്ങിപ്പോയ സ്മിത്തിനെ അല്ല സ്വന്തം നാട്ടില്‍ ഇന്ത്യയ്‌ക്കെതിരെ കാണാനാകുന്നത്. ഒരു കാരുണ്യവും കൂടാതെ ബോളര്‍മാരെ കൈകാര്യം ചെയ്യുന്ന പ്രകടനം. അതും രണ്ടു മത്സരങ്ങളിലും തുടര്‍ച്ചായി സെഞ്ച്വറിയും. എന്നാല്‍ രണ്ടാം ഏകദിനത്തിന് മുമ്പ് താനേറെ അസ്വസ്ഥനായിരുന്നു എന്ന് സ്മിത്ത് പറയുന്നു.

“മത്സരത്തിന്റെ തലേദിവസം കടുത്ത തലചുറ്റല്‍ ആയിരുന്നു. മത്സരത്തിന് ഇറങ്ങാനാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. കളി തുടങ്ങുന്ന ദിവസം രാവിലെ വരെ അസ്വസ്ഥനായിരുന്നു. ടീം ഡോക്ടര്‍ ലേ ഗോള്‍ഡിംഗാണ് എന്റെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കിയത്. ചെവിയുടെ പ്രശ്‌നം മൂലമുണ്ടാകുന്ന തലചുറ്റല്‍ ഒരുപാട് ഹെഡ് മൂവ്‌മെന്റുകള്‍ ചെയ്യിപ്പിച്ചാണ് പരിഹരിച്ചത്. ആരോഗ്യം വീണ്ടെടുത്ത് മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്” സ്മിത്ത് പറഞ്ഞു.

Image

ആദ്യ മത്സരത്തില്‍ 62 പന്തില്‍ നിന്നും സെഞ്ച്വറി നേടിയ സ്മിത്ത് രണ്ടാം മത്സരത്തിലും 62 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ഇന്നലെ 64 പന്തില്‍ നിന്ന് 14 ഫോറും രണ്ട് സിക്സും സഹിതം 104 റണ്‍സാണ് സ്മിത്ത് നേടിയത്. ആദ്യ ഏകദിനത്തില്‍ 66 ബോള്‍ നേരിട്ട സ്മിത്ത് 105 റണ്‍സെടുത്താണ് പുറത്തായത്.

Image

ഇന്നലെ നടന്ന മത്സരത്തിലും വിജയിച്ച ഓസീസ് മൂന്നു മത്സരങ്ങടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി. ഓസീസ് മുന്നോട്ടുവെച്ച 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ ആയുള്ളു. ആദ്യ മത്സരത്തില്‍ 66 റണ്‍സിന് ഓസീസിന്റെ വിജയിച്ചിരുന്നു.