'ആ പഴയ ജഴ്‌സി തിരിച്ചുകൊണ്ടുവരാനുള്ള സമയമായി', കൗതുകരമായ ആവശ്യവുമായി വസീം ജാഫര്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മുന്‍ ക്രിക്കറ്റാണ് വസീം ജാഫര്‍. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കാറുണ്ട്. ജാഫര്‍ പങ്കുവച്ച രസകരമായ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

‘ഈ ജഴ്‌സി തിരിച്ചുകൊണ്ടുവരേണ്ട സമയമായി’- എന്ന ജാഫറിന്റെ ട്വീറ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മഞ്ഞ ജഴ്‌സിയണിഞ്ഞ് ഇന്ത്യക്കായി കളിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയാണ് ജാഫറിന്റെ ട്വീറ്റ്. മഞ്ഞ ജഴ്‌സി അണിഞ്ഞ ടീമുകള്‍ ടി20 ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടുന്ന ട്രെന്‍ഡിന്റെ പശ്ചാത്തലത്തിലാണ് ജാഫറിന്റെ ട്വീറ്റ്. ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലോക കപ്പ് വിജയികളായ ഓസ്‌ട്രേലിയയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജേതാക്കളായ തമിഴ്‌നാടും മഞ്ഞ ജഴ്‌സിയാണ് അണിഞ്ഞത്.

ജാഫര്‍ പങ്കുവച്ച ചിത്രത്തില്‍ സച്ചിന്‍ ധരിച്ചിരിക്കുന്നത് 1994ലെ ജഴ്‌സിയാണ്. ആ വര്‍ഷം വേള്‍ഡ് സീരിസിലും ന്യൂസിലന്‍ഡും പര്യടനത്തിലും ഇന്ത്യന്‍ ടീം മഞ്ഞ ജഴ്‌സി ധരിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം മഞ്ഞ ജഴ്‌സിയില്‍ നിന്ന് കടുംനീല നിറത്തിലേക്ക് ഇന്ത്യ മാറുകയും ചെയ്തു.