ഏഷ്യാ കപ്പ്, ടി20 ലോക കപ്പ്; ഇന്ത്യന്‍ ടീം, സൂപ്പര്‍ താരം പുറത്ത്

ഈ വര്‍ഷം വരാനിരിക്കുന്ന ഏഷ്യാ കപ്പിനും ടി20 ലോകകപ്പിനുമുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസിം ജാഫര്‍. ടീമിനെ മാത്രമല്ല പ്ലെയിംഗ് ഇലവനെയും താരം തിരഞ്ഞെടുത്തിട്ടുണ്ട്.

രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലുമാണ് ജാഫറിന്റെ ടീമിലെ ഓപ്പണര്‍മാര്‍. 2021 ലെ ലോക കപ്പിലും ഇവര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്നാം നമ്പറില്‍ മുന്‍ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് ജാഫര്‍ അവസരം നല്‍കിയിരിക്കുന്നത്.

അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ. ആറാം നമ്പരില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ്. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന ഹാര്‍ദ്ദിക് ഇത്തവണ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയാണ് ജാഫര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എട്ടാം നമ്പരി ഹര്‍ഷല്‍ പട്ടേലിനെയാണ് പരിഗണിച്ചിരിക്കുന്നത്. ഒമ്പതാം നമ്പറില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനാണ് അവസരം. 2021ലെ ടി20 ലോക കപ്പില്‍ ഇന്ത്യ തഴഞ്ഞ സ്പിന്നറാണ് ചഹല്‍. 10ാമനായി പേസര്‍ ഭുവനേശ്വര്‍ കുമാറും 11ാമനായി ജസ്പ്രീത് ബുംറയുമാണുള്ളത്.

ഓപ്പണിങ് ബാക്കപ്പായി ഋതുരാജ് ഗെയ്ക്‌വാദിനെയാണ് ജാഫര്‍ പരിഗണിച്ചിരിക്കുന്നത്. ഇഷാന്‍ കിഷനാണ് ഇവിടെ തഴയപ്പെട്ടത്. വിക്കറ്റ് കീപ്പര്‍ ബാക്കപ്പായി ദിനേഷ് കാര്‍ത്തിക് അല്ലെങ്കില്‍ സഞ്ജു സാംസണിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്പിന്നറായി അക്ഷര്‍ പട്ടേല്‍ അല്ലെങ്കില്‍ കുല്‍ദീപ് യാദവ്, പേസ് നിരയില്‍ മുഹമ്മദ് ഷമി അല്ലെങ്കില്‍ ദീപക് ചഹാര്‍ എന്നിവരെയും ജാഫര്‍ തിരഞ്ഞെടുത്തു. ബാക്കപ്പ് താരങ്ങളായി പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, ടി നടരാജന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.