ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെറ്റില്‍ബെറോ വേണ്ട, ധര്‍മസേന മതി; വലിയ അപകടം ചൂണ്ടിക്കാട്ടി ജാഫര്‍

അടുത്തമാസം സതാംപ്റ്റണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓണ്‍ഫീല്‍ഡ് അമ്പയറായി ശ്രീലങ്കയുടെ കുമാര ധര്‍മസേന മതിയെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ട്വിറ്ററിലൂടെയാണ് ജാഫര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോ വേണ്ടെന്നും ധര്‍മസേന മതിയെന്നും ട്വിറ്ററില്‍ മീം പങ്കുവെച്ചാണ് വസീം ജാഫര്‍ വ്യക്തമാക്കിയത്.

കെറ്റെല്‍ബറോക്ക് നേരെ വേണ്ടെന്ന അര്‍ത്ഥത്തില്‍ ജാഫര്‍ മുഖം തിരിച്ചു നിക്കുകയും ധര്‍മസേനക്കു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുകയും ചെയ്യുന്ന മീം ആണ് മറ്റ് വിശദീകരണങ്ങളൊന്നുമില്ലാതെ ജാഫര്‍ പങ്കിട്ടിരിക്കുന്നത്. എന്നാലിതില്‍ വലിയൊരു സത്യം ജാഫര്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

ഐസിസിയുടെ നിര്‍ണായക പോരാട്ടങ്ങളില്‍ മിക്കതിലും കെറ്റില്‍ബെറോ അമ്പയറായിരുന്നപ്പോഴെല്ലാം ഇന്ത്യ തോറ്റിരുന്നു എന്നാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. 2014ല്‍ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 ലോക കപ്പ് ഫൈനല്‍, 2015ല്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന ലോക കപ്പ് സെമിഫൈനല്‍, 2017ല്‍ പാകിസ്താനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍, 2019ലെ ന്യൂസീലന്റിനെതിരായ ഏകദിന ലോക കപ്പ് സെമി ഫൈനല്‍ എന്നീ മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഓണ്‍ഫീല്‍ഡ് അമ്പയര്‍ കെറ്റില്‍ബെറോ ആയിരുന്നു.

Read more

അതേസമയം, ധര്‍മസേനയാകട്ടെ 2019ലെ ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ഏകദിന ലോക കപ്പ് ഫൈനലില്‍ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി പോയ ത്രോയില്‍ നാല് ഓവര്‍ ത്രോ റണ്‍സ് നല്‍കി ന്യൂസിലന്‍ഡിന്റെ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ്. ധര്‍മസേനയാണ് അമ്പയറാവുന്നതെങ്കില്‍ ഏകദിന ലോകകപ്പ് ഫൈനലിലെ കയ്‌പ്പേറിയ ഓര്‍മകള്‍ കിവീസിനെ വേട്ടയാടുമെന്നാണ് ജാഫര്‍ പറയാതെ പറഞ്ഞിരിക്കുന്നത്.