സൂപ്പര്‍താരത്തിന് വീണ്ടും പരിക്ക്, ഇത് കരിയര്‍ എന്‍ഡോ!

പരിക്കെന്ന് ദൗര്‍ഭാഗ്യം വാഷിംഗ്ടണ്‍ സുന്ദറിനെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ഇന്നലെ മാഞ്ചസ്റ്ററില്‍ നടന്ന റോയല്‍ ലണ്ടന്‍ ഏകദിന കപ്പ് മത്സരത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റു. തോളിന് പരിക്കേറ്റ താരം ഉടന്‍ തന്നെ മൈതാനം വിടുകയും ചെയ്തു. താരം കൂടുതല്‍ ചികിത്സ തേടും എന്ന് ക്ലബായ ലങ്കാഷെയര്‍ പറഞ്ഞു.

ലങ്കാഷെയറിന് വേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടെ വീണാണ് വാഷിംഗ്ടണ്‍ സുന്ദറിന്റെ ഇടതുതോളിന് പരിക്കേറ്റത്. സുന്ദറിന്റെ പരിക്കിന്റെ വ്യാപ്തി അറിവായിട്ടില്ലെങ്കിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്ക് ഫിറ്റ്നസില്‍ സ്ഥിരമായ പ്രശ്നങ്ങളുണ്ട്.

ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തില്‍ താരം ഇടംപിടിച്ചിരുന്നു. എന്നാല്‍ പരിക്കേറ്റത് കാര്യങ്ങള്‍ തകിടം മറിച്ചിരിക്കുകയാണ്. ഫെബ്രുവരിയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം സുന്ദര്‍ ഏകദിനത്തില്‍ കളിച്ചിട്ടില്ല.

ഐപിഎല്‍ 2022 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള തന്റെ കന്നി മത്സരത്തിനിടെ കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഓള്‍റൗണ്ടര്‍ പുറത്തായിരുന്നു. തുടര്‍ന്ന് 9 മത്സരങ്ങളാണ് താരത്തിന് കളിക്കാനായത്.