ലാറയുടെ റെക്കോഡ് തകര്‍ക്കാന്‍ ആ ഇന്ത്യന്‍ താരത്തിന് മാത്രമേ സാധിക്കൂ: വാര്‍ണര്‍

ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡ് മറികടക്കാന്‍ കഴിവുള്ള ഒരേയൊരു താരം ഇന്ത്യയ്ക്കാരനാണെന്ന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. അഡ്‌ലെയ്ഡില്‍ പുറത്താകാതെ 335 റണ്‍സ് നേടിയ പ്രകടനത്തിന് ശേഷമാണ് ഓസീസ് താരം ഈ പ്രവചനം നടത്തിയത്.

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്ത് ശര്‍മ്മയെയാണ് വാര്‍ണര്‍ ലാറയുടെ 400 റണ്‍സ് എന്ന സ്വപ്‌ന സമാനമായ റെക്കോഡ് തകര്‍ക്കാന്‍ ശേഷിയുളള താരമായി പ്രവചിക്കുന്നത്. ഏകദിനത്തിലെന്ന പോലെ ടെസ്റ്റിലും മാച്ച് വിന്നറാവാന്‍ കഴിവുണ്ടെന്ന് രോഹിത് പലതവണ തെളിച്ചു കഴിഞ്ഞതാണെന്നും വാര്‍ണര്‍ പ്രശംസിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി ഓപ്പണറായി ഇങ്ങിയപ്പോള്‍ മാന്‍ ഓഫ് ദ സീരീസായാണ് രോഹിത് മടങ്ങിയെത്തിയത്.

പാകിസ്ഥാനെതിരായ രണ്ടാമത്തെ ടെസ്റ്റിലാണ് വാര്‍ണര്‍ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചത്. വാര്‍ണര്‍ 335 റണ്‍സ് നേടിയതോടെ ടിം പെയ്ന്‍ 589 ല്‍ വച്ച് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ട്വന്റി20 യില്‍ മാത്രമേ മിന്നുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ചിരുന്ന തന്റെ ധാരണ വീരേന്ദര്‍ സെവാഗാണ് തിരുത്തിയത്. ഐപിഎല്ലിനിടയില്‍ ഒരിക്കല്‍ വീരു അടുത്തെത്തിയ ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിനക്ക് നന്നായി തിളങ്ങാന്‍ കഴിയുമെന്ന് പറഞ്ഞു. പക്ഷേ അന്ന് സെവാഗിന് വട്ടാണ് എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു താനെന്നും വാര്‍ണര്‍ ഓര്‍ത്തെടുത്തു. അന്ന് സെവാഗ് പറഞ്ഞ വാക്കുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.