റസൂലിന്റെ പിന്‍ഗാമി, കശ്മീരില്‍ നിന്നും ചരിത്രമെഴുതി കൂറ്റനടികളുടെ രാജാവ്

ജമ്മുകശ്മീര്‍ ക്രിക്കറ്റെന്നാല്‍ ഇതുവരെ പര്‍വേശ് റസൂലായിരുന്നു. എന്നാല്‍ ഇപ്രവശ്യത്തെ ഐപിഎല്‍ താരലേലത്തിലൂടെ മറ്റൊരു കശ്മീരി താരം മണ്‍സൂര്‍ ദാര്‍ കൂടി ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബാണ് ഈ കശ്മീരി താരത്തെ 20 ലക്ഷം തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കിയത്. കശ്മീരില്‍ നിന്നും ഇപ്രവശ്യത്തെ ഐപിഎല്ലിലെത്തുന്ന ഏകതാരവും മണ്‍സൂര്‍ ആണ്.

ഇന്ത്യക്കായി കളിച്ചിട്ടുള്ള പര്‍വേശ് റസൂല്‍ വിറ്റുപോകാതിരുന്നപ്പോഴാണ് കിങ്‌സ് ഇലവന്‍ ദാറിനെ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.

കശ്മീരിനെ സംബന്ധിച്ചിടത്തോളെ മണ്‍സൂറിന്റെ ഈ നേട്ടം വിലമതിക്കാത്തതാണ്. ഐപിഎല്‍ ലേലശേഷം ആയിരകണക്കിന് ആളുകളാണ് മണ്‍സൂറിനെ അഭിനന്ദിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

കൂലിപ്പണിയെടുകത്ത് പ്രതിദിനം 60 രൂപ വേതനം സ്വന്തമാക്കിയിരുന്ന മണ്‍സൂറിനെ സംബന്ധിച്ചിടത്തോളം 20 ലക്ഷം രൂപയുടെ കരാര്‍ വളരെ വലുതാണ്. 100 മീറ്ററിലധികം ദൂരം പറന്നിറങ്ങുന്ന സിക്‌സറുകളാണ് ദാറിനെ കളിക്കളത്തില്‍ ശ്രദ്ധേയനാക്കുന്നത്. മഹേന്ദ്ര സിങ് ധോണിയുടെയും കപില്‍ ദേവിന്റെയും ആരാധകനായ ദാറിന്റെ ഏറ്റവും വലിയ ആഗ്രഹം ധോണിയെപ്പോലെ വലിയ സിക്‌സറുകള്‍ അടിക്കുകയാണ്.

തന്റെ ജീവിതം കഷ്ടപ്പാടുകളുടേതായിരുന്നുവെന്നും 20 ലക്ഷം രൂപക്ക് പഞ്ചാബ് ടീം തന്നെ നേടിയപ്പോള്‍ 60 രൂപ കൂലിക്കായി ജോലി ചെയ്തിരുന്ന നാളുകളാണ് ഓര്‍മ്മയില്‍ ഓടിയെത്തിയതെന്നും ദാര്‍ പറഞ്ഞു. ദൈവത്തിനും പഞ്ചാബ് ടീമിനും ടീമിന്റെ ഉടമയായ പ്രീതി സിന്റക്കും നന്ദിയെന്നും താരം കൂട്ടിച്ചേര്‍ത്തു.