ആമിറിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരം കൂടി വിരമിക്കുന്നു, ഞെട്ടി പാക് ക്രിക്കറ്റ്

പാകിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്. യുവസൂപ്പര്‍ താരം മുഹമ്മദ് ആമിറിന് പിന്നാലെ മറ്റൊരു പാക് താരം കൂടി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ ഒരുങ്ങുകയാണ്. പാക് പേസര്‍ വഹാബ് റിയാസാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നത്.

റിയാസ് ഇക്കാര്യത്തില്‍ തീരുമാനം എടുത്ത് കഴിഞ്ഞതായും പാക് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന, ടി20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ടെസ്റ്റില്‍ നിന്ന് താന്‍ വിരമിക്കുന്നതെന്നാണ് റിയാസും പറയുന്നത്. നിലവില്‍ കാനഡ ഗ്ലോബല്‍ ടി20യില്‍ ബ്രാമ്പ്റ്റണ്‍ വോള്‍വ്‌സ് ടീമിന് വേണ്ടിയാണ് റിയാസ് കളിക്കുന്നത്. ലോകകപ്പില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ച റിയാസ് 11 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

2010 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് റിയാസ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്, 27 ടെസ്റ്റുകളിലാണ് ഇത് വരെ പാക് ജേഴ്‌സിയണിഞ്ഞത്. ഇതില്‍ 83 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 34 വയസ്സുകള്ള റിയാസിന്റെ അവസാന ടെസ്റ്റ്. ഓസ്‌ട്രേലിയയായിരുന്നു എതിരാളി.

കഴിഞ്ഞ മാസമാണ് മുഹമ്മദ് ആമിര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 27 വയസ് മാത്രം പ്രായമുള്ള ആമിര്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചത് ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടല്‍ സമ്മാനിച്ചിരുന്നു.