പിന്നീട് ഒരിക്കലും അയാള്‍ക്ക് ഇന്ത്യന്‍ ജേഴ്സി അണിയാന്‍ ഭാഗ്യം ലഭിച്ചില്ല, പരാതിയോ പരിഭവമോ ഇല്ലാതെ അയാള്‍ പടിയിറങ്ങി

അജയ് ചിങ്ങോലി

പണ്ട് കുട്ടിക്കാലത്ത് അച്ഛന്റെ കൈയും പിടിച്ചു ഉത്സവപറമ്പില്‍ പോയ നിമിഷങ്ങള്‍ മനസ്സിലേക്ക് പതിയെ ഓടിയെത്തുന്നു. ബലൂണും കളിപ്പാട്ടങ്ങളും കൊണ്ട് നിറഞ്ഞ കടകളും, എഴുന്നള്ളിപ്പിന് വരുന്ന ആനകളും, ഉത്സവക്കാഴ്ച കാണാന്‍ എത്തുന്ന ജനങ്ങളെയും കൊണ്ടുനിറഞ്ഞ ഉത്സവപ്പറമ്പില്‍ എന്റെ കണ്ണുകള്‍ പതിയെ ആകാശത്തില്‍ പൊട്ടിവിരിയാന്‍ കാത്തുനില്‍ക്കുന്ന കരിമരുന്ന് നിറച്ച വലിയ കജനയിലേക്കു നീങ്ങിത്തുടങ്ങും, കാണുമ്പോള്‍ മനസ്സില്‍ ഭയത്തിന്റെ ഇലഞ്ഞിതറ മേളം തുടങ്ങുമെങ്കിലും, പിന്നീട് വെടിക്കെട്ടുകാരന്‍ കമ്പത്തിന് തിരി കൊളുത്തുന്നതോടെ അവയൊക്കെ ആകാശത്തില്‍ പൊട്ടിവിരിയുന്ന വെറും വര്‍ണ്ണക്കടലാസുകളായി മാറും.

‘ഭയമെന്ന രണ്ടക്ഷരത്തില്‍ നിന്നും ആനന്ദമെന്ന മൂന്നക്ഷരത്തിലേക്കു ഏതു കൊച്ചുകുട്ടിയേം കൂട്ടിക്കൊണ്ടു പോകുന്ന അതിമനോഹരമായ കാഴ്ച ‘ അതായിരുന്നു ഏതൊരു വെടിക്കെട്ടുകാരനിലും പ്രകടമായ കരവിരുത്. അന്ന് ആ ഉത്സവപറമ്പിയില്‍ നിന്നും ആസ്വദിച്ച വെടിക്കെട്ടു കാഴ്ച പിന്നീട് ക്രിക്കറ്റ് ഗാലറികളെ കോരിത്തരിപ്പിക്കുന്ന മറ്റൊരു വെടിക്കെട്ടുകാരനിലൂടെ എന്റെ മനസ്സിലേക്ക് സ്ഥാനം പിടിച്ചു തുടങ്ങി. ഒറ്റപേര് വിരേന്ദര്‍ സെവാഗ്..

I am ready to fly to Australia' - Virender Sehwag jokingly offers helping hand to the Indian side

അതൊരു ഒന്നൊന്നര ജിന്നായിരുന്നു ഭായ്. ആക്രമിക്കാന്‍ വരുന്നവരെ പ്രതിരോധം എന്ന മായാവലയം കൊണ്ട് ബന്ധിക്കാതെ കടന്നാക്രമിച്ചു വരുതിയിലാക്കുന്ന ഒരു അപൂര്‍വ്വയിനം പ്രതിഭാസം. 1999 യില്‍ പാകിസ്ഥാനെതിരെ അരങ്ങേറ്റ മത്സരത്തില്‍ രണ്ടു റണ്‍സുമായി ടീമിന് പുറത്തേക്ക് പോയ ആ ഇരുപത്തിയൊന്നുകാരന്‍, പിന്നീട് ക്രിക്കറ്റ് ലോകത്ത് തന്റെ രാജകീയമായ വരവറിയിച്ചത് ലോകത്തിലെ തന്നെ അപകടകാരിയായ ബോളേഴ്സിനെ പോലും വരുതിയില്‍ ആക്കാനുള്ള ഊര്‍ജ്ജം ആര്‍ജ്ജിച്ചു കൊണ്ടായിരുന്നു..
അയാളുടെ ഫുട് വര്‍ക്ക് പലപ്പോഴും ഒരു പോരായ്മയായി ചില ക്രിക്കറ്റ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും വീരുവിന്റെ സ്വയസിദ്ധമായ ബാറ്റിംഗ് സാങ്കേതിക വിദ്യയെ അളക്കാന്‍ ഒരു അളവുകോലും ക്രിക്കറ്റ് ലോകത്ത് പര്യാപ്തമല്ലായിരുന്നു.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ‘ വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ ‘ എന്ന നാടന്‍ മലയാളശൈലി ഒരു അലങ്കാരമായി വീരുവിന്റെ ബാറ്റിംഗിനെ സൂചിപ്പിക്കാം..
സച്ചിനെ ആരാധിച്ചു, അദ്ദേഹത്തെപ്പോലെ ഒരു ബാറ്റ്സ്മാനായി മാറണമെന്ന് ആഗ്രഹിച്ച ആ കൊച്ചുവീരു, ഭാവിയില്‍ തന്റെ സൂപ്പര്‍ ഹീറോയോടൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തു തുടങ്ങിയത് ഏറെ കൗതുകം ഉണര്‍ത്തിയിരുന്നു. സച്ചിന്‍ ബാറ്റുകൊണ്ട് ക്രീസില്‍ കവിത എഴുതുമ്പോള്‍, പലപ്പോഴും നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ അദ്ദേഹത്തെ കാഴ്ചക്കാരനാക്കി വീരു തന്റെ ബാറ്റുകൊണ്ട് മായാജാലം തീര്‍ത്ത കാഴ്ച എന്നെ പോലെയുള്ള ക്രിക്കറ്റ് പ്രേമികളെ അങ്ങേയറ്റം പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്.

AUS vs IND: Top 4 moments from Boxing Day Test history between the two modern rivals | Cricket News – India TV

ബോളര്‍മാര്‍ക്ക് മുകളിലുള്ള അയാളുടെ ആധിപത്യം ഓസ്ട്രേലിയന്‍ പിച്ചുകളില്‍ അസാദ്ധ്യമാണെന്ന് പ്രവചിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയത് 2003 ഓസീസിന് എതിരെയുള്ള മെല്‍ബണ്‍ ടെസ്റ്റില്‍ 195 എന്ന മാന്ത്രിക സ്‌കോര്‍ നേടി കൊണ്ടായിരുന്നു. അന്ന് അഞ്ചു റണ്‍സ് അകലെ നഷ്ടപ്പെട്ട ഡബിള്‍ സെഞ്ച്വറി, പാകിസ്ഥാനെതിരെ അടുത്ത വര്‍ഷം ടെസ്റ്റ് കരിയറിലെ തന്നെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടിക്കൊണ്ട് അദ്ദേഹം തിരുത്തിക്കുറിച്ചു..

ഒരു ആരാധകനെന്ന നിലയില്‍ അദ്ദേഹം നേരിടുന്ന ആദ്യ പന്തുമുതല്‍ എനിക്ക് ആകാംക്ഷ വര്‍ദ്ധിച്ചു തുടങ്ങും. അതിപ്പോള്‍ ക്രിക്കറ്റിന്റെ മനോഹാരിത വിളിച്ചോതുന്ന ടെസ്റ്റ് ക്രിക്കറ്റോ അതല്ലേ ക്രിക്കറ്റ് ലഹരി നമ്മളിലേക്ക് പകരുന്ന ഏകദിന ക്രിക്കറ്റ് ആണേലും. അതായിരുന്നു വിരേന്ദര്‍ സെവാഗ് , നേരിടുന്ന ആദ്യ പന്തിനെ അതിര്‍ത്തി കടത്തിക്കൊണ്ട്, ക്രിക്കറ്റ് ഫോര്‍മാറ്റുകളെ വെറും ജേഴ്സി എന്ന പദം കൊണ്ട് വെല്ലുവിളിച്ച കളിക്കാരന്‍.

ThankYouSehwag: Nine funny quotes from Virender Sehwag
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെലും വീരുവിന്റെ ബാറ്റിംഗ് സൗന്ദര്യത്തെ ഒരുപാട് ആസ്വദിച്ചിട്ടുള്ളത് ക്രിക്കറ്റിലെ ലോംഗ് ഫോര്‍മാറ്റായ ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരുന്നുവെന്ന് നമുക്ക് നിസ്സംശയം പറയാം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ എത്തിയ അദ്ദേഹത്തിന്റെ കൈകളിലേക്ക് എത്തപ്പെട്ട ക്രിക്കറ്റ് പുസ്തകത്തില്‍, പ്രതിരോധമെന്ന വാക്കിന് പകരം അക്രമണമെന്ന പദം അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. അതിന്റെ പ്രതിഫലനം എത്രത്തോളം ഉണ്ടായിരുന്നുവെന്ന്, ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിച്ച ടെസ്റ്റ് മത്സരങ്ങളുടെ പ്രഹരശേഷി മാത്രം പരിശോധിച്ചാല്‍ മതിയാകും.

Virender Sehwag Became Second Player To Score Double Century In Men's ODIs On This Day In 2011 | Cricket News

2011 ഡിസംബര്‍ 4, ഏകദേശം ഒരു ഒന്‍പതു വര്‍ഷം മുമ്പ്, കോളേജ് വിട്ടു ഇന്ത്യയുടെ മത്സരം കാണാന്‍ വീട്ടിലേക്കു ഓടിയെത്തിയ എനിക്ക് ഇരട്ടിമധുരം വിളമ്പികൊണ്ട്, ഡബിള്‍ സെഞ്ച്വറിയെന്ന ബാലികേറാ മലയില്‍, ബെലിന്‍ഡാ ക്ലാര്‍ക്കിനും സച്ചിനും ശേഷം അയാള്‍ വിജയക്കൊടി പാറിച്ചു..

‘ ഹാന്‍ഡ് ഐ കോര്‍ഡിനേഷന്‍ ‘ ഉപയോഗിച്ചു ഒരു വ്യക്തി എങ്ങനെ ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് വിരേന്ദര്‍ സേവാഗ്. കാരണം അയാളുടെ പരിമിതിയില്‍ നിന്നും റെക്കോഡ് ബുക്കില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തത് തന്റെ പേരിലുള്ള ഒരു പുതിയ അദ്ധ്യായം തന്നെയായിരുന്നു.

India's Virender Sehwag hits fastest Test 300

* ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍..
* ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന പട്ടികയില്‍ ബ്രാഡ്മാനും, ലാറക്കും, ഗെയിലിനുമൊപ്പം..
* ടെസ്റ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറി.
* ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ മെന്‍സ് ക്യാപ്റ്റന്‍. അങ്ങനെ ഒരുപാട് റെക്കോഡുകള്‍.

പക്ഷേ അയാളില്‍ കത്തിജ്വലിച്ച തീനാളത്തിന്റ പ്രകാശം മങ്ങി ത്തുടങ്ങുവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. ലോകം മുഴുവന്‍ വെളിച്ചമേകുന്ന സൂര്യദേവന്‍, ഭൂമിയെ ഇരുട്ടിലാക്കി കടലില്‍ മറയുന്നപോലെ, ഓസിനു എതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ (2013) അദ്ദേഹം ടീമിന് പുറത്തേക്ക്.

An open letter to Virender Sehwag from the fan of the Nawab

‘പ്രതീക്ഷ ‘ ആ വാക്ക് ഏതൊരു ക്രിക്കറ്റ് പ്രേമിയും അന്ന് മുറുകെ പിടിച്ചിരുന്നു, കടലില്‍ അസ്തമിച്ച സൂര്യനെ പോലെ അടുത്ത ദിവസം ഉദിച്ചു പൊങ്ങുമെന്ന വിശ്വാസത്തോടെ. പക്ഷേ പിന്നീടൊരിക്കലും ഇന്ത്യന്‍ ജേഴ്സി അണിയാന്‍ അയാള്‍ക്ക് ഭാഗ്യം സിദ്ധിച്ചില്ല. ഇനിയൊരു തിരിച്ചുവരവ് അസാദ്ധ്യമെന്നിരിക്കെ, പരാതിയോ പരിഭവമോ ഇല്ലാതെ 2015 യില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലും അയാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7