ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച് സെവാഗിന്റെ മകന്‍; വിമര്‍ശനം ശക്തം

ഇന്ത്യന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകനും ക്രിക്കറ്റിലേക്ക്. സെവാഗിന്റെ മൂത്ത മകന്‍ 15കാരന്‍ ആര്യവീര്‍ സെവാഗാണ് ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ ബിഹാറുമായുള്ള മല്‍രത്തിനുള്ള ഡല്‍ഹിയുടെ അണ്ടര്‍ 16 ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് ജൂനിയര്‍ വീരുവും സംഘത്തില്‍ ഇടം പിടിച്ചത്. പക്ഷെ പ്ലെയിംഗ് ഇലവനില്‍ താരം ഇടം നേടിയില്ല.

അതിനിടെ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം താരത്തെ ടീമിലുള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തിരിക്കുകയാണ്. കഴിവുള്ള ഒരുപാട് കുട്ടികള്‍ പുറത്തിരക്കുമ്പോഴാണ് ഇവരെ അവഗണിച്ച് സൂപ്പര്‍ താരത്തിന്റെ മകനെ ടീമിലെടുത്തിരിക്കുന്നതെന്നാണ് വിമര്‍ശനം. ക്രിക്കറ്റിലും സ്വജന പക്ഷപാതം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവായാണ് വിമര്‍ശകള്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നത്.

ആര്യവീര്‍ സെവാഗും അച്ഛനെപ്പോലെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ്. വലംകൈയന്‍ ബാറ്ററായ ആര്യവീറിനു ഓപ്പണറായി കളിക്കാനാണ് ഇഷ്ടം. വിരാട് കോഹ്ലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് ആര്യവീര്‍.

നേരത്തേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടീമിലിടം പിടിച്ചപ്പോഴും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഐപിഎല്‍ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ സ്വന്തമാക്കിയപ്പോള്‍ ഇതിനു പിന്നില്‍ സച്ചിന്റെ ഇടപെടലാണെന്നും ആരോപണമുണ്ടായിരുന്നു.