'വിരാട് തന്റെ കത്തി ഉപയോഗിച്ച് ശിഖറിനെ കുത്തി'; ധവാൻ- കോഹ്ലി പോരിനെ കുറിച്ച് ധോണി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമിനകത്തു താരങ്ങള്‍ തമ്മിലുള്ള ഉള്‍പ്പോരുകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല അത്. കഴിവുറ്റ താരങ്ങള്‍ തമ്മില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ അവര്‍ക്കിടയില്‍ മല്‍സരവും ഈഗോയുമെല്ലാം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനെ എങ്ങനെ ടീം കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം. അതിന് ഒരു ഉത്തമ ഉദാഹരണം കാട്ടിത്തന്ന താരമാണ് മുന്‍ നായകന്‍ എംഎസ് ധോണി.

നേരത്തേ ധോണി ഇന്ത്യന്‍ നായകനായിരിക്കെ വിരാട് കോഹ്‌ലിയും ഓപ്പണര്‍ ശിഖര്‍ ധവാനും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണെന്നും ഒരു തവണ കൈയാങ്കളിയുടെ വക്കിലെത്തിയെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2014ലെ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഡ്രസിംഗ് റൂമില്‍ വച്ച് കോഹ്‌ലിയും ധവാനും തമ്മില്‍ അടി നടന്നതായും അന്നു ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി ഇടപെട്ട് രണ്ടു പേരെയും പിടിച്ചു മാറ്റുകയായിരുന്നുവെന്നുമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

പക്ഷെ അവയെ വളരെ കൂളായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ധോണി നേരിട്ടത്. വാര്‍ത്താസമ്മേളനത്തിനിടെ ധോണിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം രോഷാകുലനായി പ്രതികരിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.

‘വിരാട് തന്റെ കത്തി ഉപയോഗിച്ച് ശിഖറിനെ കുത്തി. അതില്‍ നിന്നും ശിഖര്‍ മോചിതനായിട്ടുണ്ട്. തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹത്തോടു ബാറ്റ് ചെയ്യാന്‍ പുഷ് ചെയ്യുകയായിരുന്നു’വെന്നാണ് ധോണി ചെറു ചിരിയോടെ പ്രതികരിച്ചത്. ഇതുകേട്ട മാധ്യമപ്രവര്‍ത്തകര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. തന്റെയുള്ളിലെ നര്‍മബോധം കൊണ്ട് ഒരു പ്രശ്‌നത്തെ തണുപ്പിക്കുകയായിരുന്നു ധോണി.